സ്വപ്നയെയും സന്ദീപിനെയും തലസ്ഥാനത്ത് എത്തിച്ച് തെളിവെടുത്തു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തലസ്ഥാനത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.
ഇവര്‍ താമസിച്ചിരുന്നിടങ്ങളിലും ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന ഫ്‌ളാറ്റുകളിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ രണ്ടു സംഘങ്ങളായി തിരിഞ്ഞ്, പ്രതികളെ വെവ്വേറെയായിരുന്നു തെളിവെടുപ്പിന് എത്തിച്ചത്.ചിലയിടങ്ങളില്‍ പ്രതികളെ വാഹനത്തില്‍നിന്ന് പുറത്തിറക്കിയില്ല.
തെളിവെടുപ്പിനായി പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുന്നുവെന്നത് കേരള പൊലിസിനെ അവസാനഘട്ടത്തില്‍ മാത്രമാണ് അറിയിച്ചത്.
എന്‍.ഐ.എ സംഘം പുലര്‍ച്ചെയാണ് പ്രതികളുമായി കൊച്ചിയില്‍നിന്ന് പുറപ്പെട്ടത്. തലസ്ഥാന നഗരിയില്‍ എത്തിയതോടെ പ്രതികളുമായി രണ്ടു സംഘങ്ങളായി തിരിയുകയായിരുന്നു.
ഒരു സംഘം ആദ്യം സന്ദീപുമായി മുന്‍ ഐ.ടി സെക്രട്ടറി താമസിച്ചിരുന്നതും ഗൂഢാലോചന നടന്നുവെന്ന കരുതപ്പെടുന്നതുമായ ഫ്‌ളാറ്റിലെത്തി. ഇവിടെ സന്ദീപിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല. ചില ഉദ്യോഗസ്ഥര്‍ മാത്രമാണ് ഫ്‌ളാറ്റിലെ ജീവനക്കാരോടും മറ്റും സംസാരിച്ചത്. സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറിന്റെ പേരിലായിരുന്നു ഫ്‌ളാറ്റ് എടുത്തിരുന്നത്.
തുടര്‍ന്ന് സന്ദീപിന്റെ അരുവിക്കരയിലെ വീട്ടിലേക്ക്. അവിടെ സന്ദീപിനെ വാഹനത്തില്‍ നിന്നിറക്കി. വീട്ടുകാരുമായി സംസാരിക്കാന്‍ അവസരം നല്‍കി. ഉദ്യോഗസ്ഥര്‍ വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
സന്ദീപിനെ സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ളാറ്റില്‍നിന്നു കൊണ്ടുപോയതിനു പിന്നാലെ സ്വപ്നയെ ഇവിടെയെത്തിച്ചു. ഇവരെയും വാഹനത്തില്‍ നിന്നിറക്കിയില്ല. ശേഷം സ്വപ്ന നേരത്തെ താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്‌ളാറ്റിലെത്തിച്ചു. ഇവിടെ സ്വപ്നയെ വാഹനത്തില്‍ നിന്നിറക്കിയായിരുന്നു തെളിവെടുപ്പ്.
അവിടെനിന്നും പിടിപി നഗറിലെ ഒരു വീട്ടിലേക്കും അന്വേഷണ സംഘമെത്തി. ഇവിടെ പ്രതികള്‍ സ്ഥിരമായി വരുമായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് സ്വപ്നയെയും പേരൂര്‍ക്കടയിലെ പൊലിസ് ക്യാംപിലെത്തിച്ചു.
ഒരുമണിക്കൂര്‍ വിശ്രമത്തിനു ശേഷം സന്ദീപിനെയും കൊണ്ട് കുറവന്‍കോണത്തെ സ്‌പെക്ട്രം എന്ന സ്റ്റുഡിയോയിലെത്തി. ഇവിടെവച്ചാണ് വ്യാജരേഖകള്‍ നിര്‍മിച്ചതെന്നാണ് വിവരം. ഇതിനു സമീപത്തെ ഹെയര്‍ സ്‌റ്റൈല്‍ കേന്ദ്രത്തിലും പരിശോധന നടത്തി. വൈകുന്നേരത്തോടെയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
സമാന്തര പരിശോധനയുമായി കസ്റ്റംസ്
പ്രതികളുമായി എന്‍.ഐ.എ സംഘം തെളിവെടുപ്പ് നടത്തുമ്പോള്‍ തലസ്ഥാനത്ത് കസ്റ്റംസിന്റെ പരിശോധന. ഉന്നലെ ഉച്ചയ്ക്കു ശേഷം സന്ദീപ് നായരുമായി എന്‍.ഐ.എ സംഘം അരുവിക്കരയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ക്‌ഷോപ്പില്‍ പരിശോധന നടത്തുകയായിരുന്നു.
പിന്നീട് സന്ദീപ് ആള്‍മാറാട്ടം നടത്തി വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലും കസ്റ്റംസ് പരിശോധന നടത്തി. സന്ദീപിന്റെ ഭാര്യ സൗമ്യയെയും കസ്റ്റംസ് ഇവിടേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവരുടെ തിരിച്ചറിയല്‍ രേഖ നല്‍കിയാണ് ഫ്‌ളാറ്റ് എടുത്തിരുന്നത്.
അന്വേഷണത്തില്‍
വിശ്വാസമുണ്ടെന്ന് സന്ദീപ് നായര്‍
തിരുവനന്തപുരം: എന്‍.ഐ.എയുടെ അന്വേഷണത്തിലും കോടതിയിലും വിശ്വാസമുണ്ടെന്നു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍. തെളിവെടുപ്പിനായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ ആണ് സന്ദീപ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ആരെങ്കിലും കുടുക്കിയതാണോ എന്ന ചോദ്യത്തിന് സന്ദീപ് മറുപടി പറഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."