മുക്കം കൂടരഞ്ഞി റോഡ് പ്രവൃത്തി ഇഴയുന്നു;നാട്ടുകാര്‍ ദുരിതക്കയത്തില്‍
മുക്കം: ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴി വെച്ച മുക്കം കൂടരഞ്ഞി റോഡിലെ കാരശ്ശേരി ജങ്ഷന്‍ മുതല്‍ പട്ടോത്ത് വരേയുള്ള ഭാഗത്തെ ശോചനീയാവസ്ഥക്ക് ഇനിയും അറുതിയായില്ല.
നാല് വര്‍ഷത്തോളമായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുര്‍ഘടമായ പാതയുടെ പ്രവൃത്തി ഫെബ്രുവരി ആദ്യ വാരത്തില്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും കാര്യമായ പണി ആരംഭിച്ചിട്ടില്ല.
യു.ഡി.എഫ് ഭരണകാലത്ത് 2015 ഡിസംബറില്‍ റോഡിന് 4.10 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും 2016 ഏപ്രില്‍ 18ന് കരാറുകാര്‍ക്ക് ടെന്‍ഡര്‍ നല്‍കുകയും ചെയ്തു.
എന്നാല്‍ പിന്നീട് വന്ന നിയമസഭാ ഇലക്ഷനെ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും പാതയുടെ തുടര്‍ നടപടികള്‍ നിലയ്ക്കുകയുമായിരുന്നു. ശേഷം നാട്ടുകാരുടേയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് റീ ടെന്‍ഡര്‍ വിളിക്കുകയും കോഴിക്കോടുള്ള ബൈജു എന്ന കരാറുകാരന് ടെന്‍ഡര്‍ നല്‍കുകയും ചെയ്തു. ഇതിനെതിരേ ആദ്യത്തെ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി റോഡിന്റെ പ്രവൃത്തി നിര്‍ത്തി വെക്കാനാവശ്യപ്പെടുകയും ചെയ്തു.
ഇതോടെ നിയമ നൂലാമാലകളില്‍ കുടുങ്ങി റോഡിന്റെ പ്രവൃത്തി നിലക്കുകയായിരുന്നു. ഇതിനെതിരേ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ കാസിം ഹൈക്കോടതിയില്‍ പെറ്റീഷന്‍ സമര്‍പ്പിക്കുകയും കോടതി സ്റ്റേ പിന്‍വലിക്കുകയും കഴിഞ്ഞ ഡിസംബറില്‍ വീണ്ടും മറ്റൊരു കരാറുകാരന് റീ ടെന്‍ഡര്‍ നല്‍കുകയുമായിരുന്നു.
നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ഫെബ്രുവരിയില്‍ തന്നെ പണി തുടങ്ങാമെന്ന് കരാറുകാരന്‍ ഉറപ്പു നല്‍കിയെങ്കിലും ചിലയിടങ്ങളില്‍ മണ്ണിടലും ജെ.സി.ബി ഉപയോഗിച്ച് റോഡ് കുറച്ച് പൊളിച്ചതുമല്ലാതെ കാര്യമായ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല.
ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ വീണ്ടും പ്രതിഷേധമാരംഭിച്ചിരിക്കുകയാണ്. യാത്രാ ദുരിതത്തില്‍ വീര്‍പ്പു മുട്ടിയ നാട്ടുകാര്‍ റോഡില്‍ വാഴ നട്ടും മറ്റും തങ്ങളുടെ പ്രതിഷേധം അധികാരികളെ പല തവണ ബോധ്യപ്പെടുത്തിയിരുന്നു.
യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ചിലരുടെ ദുര്‍വാശിയും പാരവെപ്പും ചരടുവലികളുമാണ് വര്‍ഷങ്ങളായി ഭരണാനുമതി ലഭിച്ചിട്ടും റോഡ് പണി തുടങ്ങാന്‍ കഴിയാത്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വളരെയധികം പ്രയാസത്തോടെയാണ്
വലിയ കുഴികളും ഗട്ടറുകളും നിറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്. രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനങ്ങളടക്കമുള്ളവ അപകടത്തില്‍ പെടുന്നതും നിത്യ സംഭവമാണ്. റോഡിന്റെ ശോചനീയാവസ്ഥ മൂലം റൂട്ടിലോടുന്ന പല ബസുകളും പലപ്പോഴും സര്‍വിസുകള്‍ വെട്ടിക്കുറക്കുന്നുമുണ്ട്.
റോഡിന്റെ പണി എത്രയും പെട്ടെന്ന് തന്നെ തീര്‍ത്ത് ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ ശക്തമായ സമര മുറകളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."