ഡല്‍ഹി വംശഹത്യയില്‍ പൊലിസിന്റെ പങ്ക് അന്വേഷിക്കണം രാഷ്ട്രപതിക്ക് 72 പ്രമുഖരുടെ കത്ത്
നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ല
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയില്‍ പൊലിസിന്റെ പങ്ക് അന്വേഷിക്കുന്നതിന് സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് റിട്ട. ജഡ്ജിമാര്‍, മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, മുന്‍ നയതന്ത്രജ്ഞര്‍ തുടങ്ങി 72 പ്രമുഖര്‍ ഒപ്പിട്ട കത്ത്. നിലവില്‍ പൊലിസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയില്ലല്ലെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഡല്‍ഹി പൊലിസ് വംശഹത്യ തടയാന്‍ ഒന്നും ചെയ്തില്ലെന്നും മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങളില്‍ പങ്കാളികളായെന്നും കത്തില്‍ പറയുന്നു. ഇതിന്റെ നിരവധി ഉദാഹരണങ്ങളും കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
മൗജിപൂര്‍ മെട്രോ സ്റ്റേഷനില്‍ വച്ച് പരുക്കേറ്റ യുവാക്കളെ യൂനിഫോമിലുള്ള പൊലിസ് മര്‍ദിക്കുന്നതിന്റെയും ആക്ഷേപിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നത് കത്തില്‍ എടുത്തുപറയുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റ യുവാക്കളെ 36 മണിക്കൂര്‍ അന്യായമായി കസ്റ്റഡിയില്‍ വയ്ക്കുകയും വൈദ്യസഹായം നിഷേധിക്കുകയും ചെയ്തു. ഇക്കൂട്ടത്തിലുണ്ടായിരുന്ന 23കാരന്‍ ഫൈസാന്‍ പിന്നീട് മരിച്ചു. ഇതുസംബന്ധിച്ച് ഭജന്‍പുര പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പൊലിസുകാര്‍ അക്രമിച്ചതിനെക്കുറിച്ചും ചികിത്സ നിഷേധിച്ചതിനെക്കുറിച്ചും പറയുന്നില്ലെന്നത് ഞെട്ടിക്കുന്നതാണ്. സ്വന്തക്കാരെ രക്ഷിച്ചുകൊണ്ടുള്ള അന്വേഷണമാണ് കേസില്‍ പൊലിസ് നടത്തുന്നത്. കേസില്‍ കസ്റ്റഡിയിലെടുത്തവരെ പൊലിസ് ക്രൂരമായി പീഡിപ്പിക്കുകയും ആക്ടിവിസ്റ്റുകള്‍ക്കെതിരേ മൊഴിനല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിന്റെ ഉദാഹരണങ്ങളും കത്തില്‍ വിവരിക്കുന്നു.
700 എഫ്.ഐ.ആറുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതിന്റെ പകര്‍പ്പ് ലഭ്യമല്ല. പലരും മൊഴി നല്‍കിയിട്ടും സംഭവത്തില്‍ ഉള്‍പ്പെട്ട ബി.ജെ.പി നേതാക്കളെ ഒഴിവാക്കിയാണ് കേസെടുത്തിരിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവരെ കുറ്റവാളികളായി കാണുകയും കേസില്‍പ്പെടുത്തുകയും ചെയ്തു. സമരം ചെയ്തവരെ ഗൂഢാലോചനാക്കുറ്റത്തിലാണ് പൊലിസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരായി നടത്തിയ പ്രസംഗങ്ങളെ കലാപത്തിന് കാരണമായ പ്രകോപനപരമായ പ്രസംഗമായി വ്യാഖ്യാനിച്ച് കേസെടുത്തുവെന്നും കത്തില്‍ പറയുന്നു.
ചെന്നൈ ആദായനികുതി വകുപ്പ് മുന്‍ ചീഫ് കമ്മിഷണര്‍ സെല്‍വരാജ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം മുന്‍ സെക്രട്ടറി അഭിജിത് സെന്‍ഗുപ്ത, സിവില്‍ സര്‍വിസ് മുന്‍ ഉദ്യോഗസ്ഥരായ അദിതി മേത്ത, അലോക് പെര്‍തി, അമിതാബ് പാണ്ഡെ, അവിനാശ് മൊഹന്തി, പി.കെ ലാഹിരി, ഫിന്‍ലാന്റ് മുന്‍ അംബാസിഡര്‍ അശോക് കുമാര്‍ ശര്‍മ്മ, ഗുജറാത്ത് മുന്‍ ഡി.ജി.പി പി.ജി.ജെ നമ്പൂതിരി, ആക്ടിവിസ്റ്റുകളായ അഞ്ജലി ഭരദ്വാജ്, അരുണാറോയ്, പ്രൊഫ. പ്രഭാത് പട്‌നായിക്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വജഹത്ത് ഹബീബുല്ല തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."