കൈക്കൂലി വാങ്ങുന്നതിനിടയില്‍ പഞ്ചായത്ത് സെക്രട്ടറി പിടിയില്‍
മുതുകുളം (ആലപ്പുഴ): കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റില്‍. മുതുകുളം പഞ്ചായത്ത് സെക്രട്ടറി എസ്. അന്‍സാരിയാണ് വിജിലന്‍സ് പിടിയിലായത്.
മുതുകുളം തെക്ക് കളപ്പുരക്കല്‍ ജഗദമ്മയുടെ പൊടിമില്ലിന്റെ ലൈസെന്‍സും നമ്പരും ഇട്ടു നല്‍കുന്നതിനായാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
ജഗദമ്മയുടെ മകന് വിജേഷ് ഗോപാലാണ് വിവരം വിജിലന്‍സില്‍ അറിയിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം ഇതേ ആവശ്യത്തിനായി വിജേഷ് ശനിയാഴ്ച പഞ്ചായത്ത് ഓഫിസില്‍ എത്തിയെങ്കിലും വീണ്ടും സെക്രട്ടറി പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫോണിലുടെ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ തിങ്കളാഴ്ച അവധിയാണെന്നും ചൊവ്വാഴ്ച പണവുമായി എത്തിയാല്‍ മതിയെന്നും സെക്രട്ടറി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ 12 ഓടെ വിജിലന്‍സ് നല്കിയ ആയിരം രൂപയുമായാണ് വിജേഷ് പഞ്ചായത്ത് ഓഫിസില്‍ എത്തിയത്.
പണം പഞ്ചായത്തിന്റെ വരാന്തയിലുളള പെട്ടിക്ക് സമീപം വച്ച ശേഷം തിരിച്ചുപോകാന്‍ പഞ്ചായത്ത് സെക്രട്ടറി വജേഷിനോട് പറഞ്ഞു. വിജേഷ് പോയ ഉടന്‍ സെക്രട്ടറി പണമെടുക്കാന്‍ എത്തിയപ്പോഴാണ് വിജിലന്‍സ് ഇയാളെ കൈയോടെ പിടികൂടിയത്.
ഡി.വൈ.എസ്.പി ജോര്‍ജ് ചെറിയാന്, സി.ഐമാരായ കെ.എ തോമസ്, ഹരി വിദ്യാധരന്, ഋഷികേശന് നായര്‍, ബിജു വി. നായര്‍, ഹരിപ്പാട് അഡീഷനല്‍ തഹസീല്‍ദാര്‍ എസ്. വിജയന്, മാവേലിക്കര അഡീഷനല്‍ തഹസീല്‍ദാര്‍ പി.എംരാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് അറസ്റ്റ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."