രാജ്യത്ത് കൊവിഡ് സാമൂഹ്യവ്യാപനം തുടങ്ങിയെന്ന് ഐ.എം.എ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് സാമൂഹ്യവ്യാപനം തുടങ്ങിയെന്നും സാഹചര്യം അതീവ ഗുരുതരമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ദിനംപ്രതി 30,000 പേര്‍ക്ക് രോഗം ബാധിക്കുന്നു. ഇതില്‍ കൂടുതലും ഗ്രാമീണ മേഖലയിലാണ്. ഇത് സാമൂഹ്യവ്യാപനത്തിന്റെ ലക്ഷണമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഹോസ്പിറ്റല്‍ ബോര്‍ഡ് ദേശീയ ചെയര്മാന് ഡോ. വി.കെ. മോംഗ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ രോഗം നിയന്ത്രിക്കാന്‍ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ ഇക്കാര്യം അസാധ്യമാണെന്ന് മോംഗ ചൂണ്ടിക്കാട്ടി. സാമൂഹ്യ വ്യാപനമുണ്ടെന്ന കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
ഗ്രാമങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നുവെന്നത് നല്ല ലക്ഷണമല്ലെന്ന് മോംഗ പറഞ്ഞു. രോഗം നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് സംസ്ഥാനങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. വാക്സിന് കണ്ടെത്തുകയും രോഗപ്രതിരോധ ശേഷി ആര്‍ജ്ജിക്കുകയും ചെയ്യുക മാത്രമാണ് കൊവിഡിനെ ഇല്ലാതാക്കാനുള്ള മാര്‍ഗം. വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടമായിട്ടുണ്ട്. അടുത്ത ഘട്ടം അതിന്റെ ഫലവും പ്രതിഫലനവും പരിശോധിക്കലാണ്. പ്രതിരോധശേഷി എത്രകാലം നിലനില്ക്കുന്നു എന്നു കൂടി പരിശോധിക്കണം. ഭൂരിഭാഗം രോഗികള്‍ക്കും മൂന്ന് മാസത്തില്‍ കൂടുതല്‍ പ്രതിരോധ ശേഷിയുണ്ടായിരുന്നില്ല- വി.കെ. മോംഗ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."