ഡല്‍ഹി വംശഹത്യയെന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി
ഡല്‍ഹി മുസ്‌ലിം വംശഹത്യയെ സംബന്ധിച്ച ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ഡല്‍ഹി പൊലിസിനെയും സംഘ്പരിവാറിനെയും മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനെക്കൂടിയാണ്. വംശഹത്യ, പൗരത്വനിയമഭേദഗതിക്കെതിരേ സമാധാനപരമായി നടത്തുന്ന സമരം ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കൃത പദ്ധതിയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നുണ്ട്. അതെങ്ങനെ നടപ്പിലാക്കിയെന്നും ആരെല്ലാമാണ് പിന്നിലെന്നും പറയുന്നുണ്ട്. പൊലിസ് എങ്ങനെ സംഘ്പരിവാറുകാരെ സഹായിക്കുകയോ, കാഴ്ചക്കാരായി നില്‍ക്കുകയോ അക്രമങ്ങളില്‍ നേരിട്ട് പങ്കാളിയാവുകയോ ചെയ്തുവെന്നും വിവരിക്കുന്നു. ഭരണകൂടം സ്വന്തം ജനതയ്‌ക്കെതിരേ വംശഹത്യ നടത്തിയത് ഒരു ഭരണഘടനാ സംവിധാനം തന്നെ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയില്‍ ആദ്യമായൊന്നുമല്ല. രാജ്യത്തെ മനുഷ്യവകാശ കമ്മിഷനുകളുടെ നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പല വീഴ്ചകളെയും കഴിഞ്ഞ കാലങ്ങളില്‍ തുറന്നുകാട്ടിയിരുന്നു. എന്നാല്‍, ഭരണഘടനാ സംവിധാനങ്ങളെ മോദി സര്‍ക്കാര്‍ വിലക്കെടുത്ത കാലത്ത് ആധികാരിക രേഖയെന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന റിപ്പോര്‍ട്ട് അതിന്റെ ഉത്തരവാദിത്വം നിര്‍ഭയം നിറവേറ്റിയെന്നത് ചെറുതായി കാണാന്‍ കഴിയില്ല.
ചാന്ദ്ബാഗില്‍ പൗരത്വനിയമഭേദഗതിക്കെതിരേ ധര്‍ണ നടത്തുന്ന സ്ത്രീകളെ പൊലിസ് അക്രമിക്കുകയും അവരുടെ വസ്ത്രമുരിഞ്ഞ് ജനനേന്ദ്രിയത്തിന് നേരെ തോക്കു ചൂണ്ടി നിങ്ങള്‍ക്ക് ആസാദി വേണോ എന്ന് ചോദിച്ച സംഭവം റിപ്പോര്‍ട്ടിലുണ്ട്. ഈ സമയമത്രയും ഹിന്ദുത്വ അക്രമികള്‍ പൊലിസിനൊപ്പം ചേരുകയും സ്ത്രീകള്‍ക്കെതിരേ അശ്ലീലവാക്കുകള്‍ വിളിച്ചുപറയുകയും ചെയ്തിരുന്നു. 13 കാരിയായ പെണ്‍കുട്ടിയെ പൊലിസ് ക്രൂരമായി വലിച്ചിഴച്ചു. ഇതു കണ്ടുനിന്ന മറ്റൊരു സ്ത്രീ സഹായിക്കാനെത്തിയപ്പോള്‍ അവരുടെ തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തി. ബോധരഹിതയായ സ്ത്രീ ഉണരുമ്പോള്‍ അവര്‍ നിലത്ത് തന്നെയായിരുന്നു. ചുറ്റും വീണുകിടക്കുന്ന സ്ത്രീകളെ പൊലിസ് അക്രമിക്കുന്നത് തുടരുന്നുണ്ടായിരുന്നു. ശിവവിഹാറില്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളിലേക്ക് ഹിന്ദുത്വ അക്രമികള്‍ കയറിവന്നത് കയ്യില്‍ ആസിഡുമായാണ്. നിരവധി സ്ത്രീകള്‍ക്കാണ് ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റത്. ചിലരുടെ വസ്ത്രം വലിച്ചു കീറി ശരീരത്തിലേക്ക് നേരിട്ട് ആസിഡൊഴിച്ചു. അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ സഹായം തേടി പൊലിസ് കണ്‍ട്രോള്‍ റൂമിലേക്ക് നിരവധി കോളുകളെത്തിയിരുന്നു. ഇവയില്‍ ഭൂരിഭാഗവും അറ്റന്‍ഡ് ചെയ്യപ്പെട്ടില്ല. അറ്റന്‍ഡ് ചെയ്യപ്പെട്ടവയാകട്ടെ അവഗണിക്കപ്പെടുകയോ പൊലിസ് വൈകിയെത്തുകയോ ചെയ്തു. ജാഫറാബാദില്‍ തോക്കുമായി തെരുവിലിറങ്ങിയ ഷാറൂഖ് പത്താന്റെ കഥയും ഇതിലൊന്നാണ്. തോക്കുമായി അക്രമികളെ നേരിടുന്ന ഷാറൂഖിന്റെ വിഡിയോ വംശഹത്യയുടെ ആദ്യദിവസങ്ങളില്‍ പ്രചരിക്കപ്പെട്ടതിലൊന്നാണ്.
ഷാറൂഖിന്റെ കുടുംബം ഇതേക്കുറിച്ച് വസ്തുതാന്വേഷണ സംഘത്തോട് പറയുന്നുണ്ട്. ജാഫറാബാദിലെ സമരപ്പന്തലിനടുത്തുള്ള ഷാറൂഖിന്റെ വീട് ഹിന്ദുത്വ ആള്‍ക്കൂട്ടം ആക്രമിച്ചു. പൊലിസിനെ സഹായത്തിന് വിളിച്ചെങ്കിലും അവരൊന്നും ചെയ്തില്ല. ഇതെല്ലാം കണ്ടുകൊണ്ട് പൊലിസ് സംഘം തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. കുടുംബത്തെ രക്ഷിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് ഷാറൂഖ് തോക്കുമായി തെരുവിലിറങ്ങിയത്. ആകാശത്തേക്ക് വെടിവച്ചതോടെ അക്രമികള്‍ ചിതറിയോടി. ഷാറൂഖ് പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍, വീടക്രമിച്ചവര്‍ ഇപ്പോഴും പുറത്തുണ്ട്. ഡല്‍ഹിയില്‍ വംശഹത്യയ്ക്ക് കാരണമായ പ്രകോപനപരമായ പ്രസംഗം നടത്തിയവരായി കപില്‍ മിശ്രയെയും പര്‍വേഷ് വര്‍മ്മയെയും അനുരാഗ് താക്കൂറിനെയും മാത്രമല്ല, ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരെയും കമ്മിഷന്‍ കൂട്ടിയെണ്ണുന്നുണ്ട്. ജനുവരി 27ന് അമിത്ഷാ നടത്തിയ പ്രസംഗം വംശഹത്യയ്ക്ക് പ്രേരണയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. തേജീന്ദര്‍ പാല്‍ ബാഗ, തേജസ്വി സൂര്യ, അഭയ് വര്‍മ്മ തുടങ്ങിയ ബി.ജെ.പിയുടെ പതിവ് ക്രിമിനല്‍ സംഘാംഗങ്ങളായിരുന്നു മറ്റു ചിലര്‍.
ഡല്‍ഹി വംശഹത്യ ഷഹീന്‍ബാഗിനെ നേരിട്ടും അല്ലാതെയും ലക്ഷ്യംവച്ചുള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. നേതാക്കളുടെ ആഹ്വാനം കേട്ട് തെരുവിലിറങ്ങിയവര്‍ മൂന്ന് രാത്രിയും പകലും രാജ്യത്തെ പൊലിസിന്റെ സഹായത്തോടെ വടക്കുകിഴക്കന്‍ ഡല്‍ഹി അടക്കി ഭരിച്ചു. ഫ്‌ളാറ്റുകളില്‍ അഭയം തേടിയിരുന്ന യുവാക്കളെ പൊലിസ് വിളിച്ചിറക്കിക്കൊണ്ടുപോയി അക്രമികള്‍ക്ക് കൈമാറി. പൊലിസ് കസ്റ്റഡിയിലെടുത്തവരെ കാണാതായി. പരുക്കേറ്റവര്‍ക്ക് പോലും രക്ഷയില്ലായിരുന്നു. ആശുപത്രികളെ അക്രമികള്‍ വളഞ്ഞു. ആംബുലന്‍സുകളെ കാത്ത് അക്രമികള്‍ വഴിയില്‍ ആയുധങ്ങളുമായി കൂട്ടംചേര്‍ന്ന് നിന്നു. ആംബുലന്‍സുകള്‍ക്ക് പോലും പൊലിസ് സഹായം നല്‍കാന്‍ തയാറായില്ല. ചിലരെ വെടിവച്ചു കൊന്നു, മറ്റു ചിലരെ അടിച്ചും കല്ലെറിഞ്ഞും കൊന്നു. ചിലരെ വെട്ടിയും കഴുത്തറുത്തും കൊന്നു. മറ്റു ചിലരെ ശരീരത്തില്‍ ബോംബ് വച്ചു പൊട്ടിച്ച് ചിതറിച്ചു കൊന്നു. വീടിനുള്ളില്‍ ആളുകളെയിട്ട് കത്തിച്ചു കൊന്നു. പരുക്കേറ്റ പലരും ചികിത്സ കിട്ടാതെ രക്തംവാര്‍ന്നു മരിച്ചു. ഒരു രാജ്യത്തിന്റെ തലസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതെന്തോ അതെല്ലാം നടന്ന ദിവസങ്ങളായിരുന്നു അത്.
വംശഹത്യ പടര്‍ന്നുപിടിച്ച 26ലെ അര്‍ധരാത്രിയില്‍ അല്‍ഹിന്ദ് ആശുപത്രി ഡയരക്ടര്‍ ഡോ. എം.എ അന്‍വറിനെ തേടി തികച്ചും അപ്രതീക്ഷിതമായ ഒരു ഫോണ്‍ വിളി എത്തി. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ്. മുരളീധര്‍ ആയിരുന്നു മറുവശത്ത്. വംശഹത്യയില്‍ ഗുരുതരമായി പരുക്കേറ്റ നിരവധി പേരുണ്ടായിരുന്നു അല്‍ഹിന്ദ് ആശുപത്രിയില്‍. അവിടെ ക്ലിനിക്കല്‍ സൗകര്യങ്ങളെയുള്ളൂ. പരുക്കേറ്റവരെ അതിവേഗം മികച്ച ചികിത്സ കിട്ടുന്ന ആശുപത്രിയിലേക്ക് മാറ്റിയെ പറ്റൂ. എന്നാല്‍ ആശുപത്രിയിലേക്ക് ആംബുലന്‍സ് വരാനോ തിരിച്ചു പോകാനോ പുറത്ത് തെരുവില്‍ കാവല്‍ നില്‍ക്കുന്ന സംഘ്പരിവാര്‍ അക്രമികള്‍ സമ്മതിക്കുന്നില്ല. കാത്തിരുന്നാല്‍ അവര്‍ മരിച്ചുപോകും. മുസ്തഫാബാദ് പ്രദേശത്തെ ഒരു ചെറിയ ആശുപത്രിയാണ് അല്‍ഹിന്ദ് ആശുപത്രി. വംശഹത്യ നടന്ന ദിവസങ്ങളില്‍ മുറിവേറ്റവരെ കൊണ്ട് ഇവിടം നിറഞ്ഞു കവിഞ്ഞിരുന്നു. പക്ഷേ രണ്ടാം ദിവസമായതോടെ അക്രമികള്‍ പ്രദേശം കീഴടക്കി. ആശുപത്രിയിലേക്ക് ആംബുലന്‍സ് വരുന്നത് തടയുകയും ചെയ്തു. തുടര്‍ന്ന്, ആശുപത്രിയില്‍ നിന്ന് വിളിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഭയം കാരണം വരാതായി. ഡോ. അന്‍വര്‍ ഒന്നിനു പിറകെ ഒന്നായി ആംബുലന്‍സ് സര്‍വിസുകളിലേക്ക് ഫോണ്‍ ചെയ്തു കൊണ്ടിരുന്നു. 102 ഉള്‍പ്പെടെയുള്ള നമ്പറുകളിലേക്കു വിളിച്ചിട്ടും സുരക്ഷാ കാരണങ്ങളാല്‍ ആംബുലന്‍സ് അയക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. നഗരത്തിലെ വലിയ ആശുപത്രികളിലെ പല സുഹൃത്തുക്കളുമായും ബന്ധപ്പെട്ട ശേഷമാണ് ഒരു ആംബുലന്‍സ് എങ്കിലും സംഘടിപ്പിക്കാനായത്. പലരെയും സഹായത്തിന് വിളിച്ചു, ഒടുവില്‍ ഒരു വഴിയുമില്ലാതായപ്പോഴാണ് ഡോ. അന്‍വര്‍ സുഹൃത്തും അഭിഭാഷകയുമായ സുറൂര്‍ മന്ദറെ വിളിച്ചു. രാത്രി തന്നെ സുറൂര്‍ മന്ദര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
വിഷയം കേട്ട ഉടനെയാണ് ജസ്റ്റിസ് മുരളീധര്‍ ഡോ. അന്‍വറിനെ നേരിട്ട് വിളിച്ച് വിവരങ്ങള്‍ തിരക്കി. ആദ്യം വിഡിയോ കോള്‍ വിളിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് മൊബൈലില്‍ തന്നെ വിളിക്കുകയായിരുന്നു. രണ്ടു നിലയുള്ള ആശുപത്രിയില്‍ ആകെ ആറു ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും അത്യാഹിത സമയത്ത് മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കിടക്കകള്‍ നിറയെ പരുക്കേറ്റവരെകൊണ്ടു നിറഞ്ഞപ്പോള്‍ ആശുപത്രിയില്‍ അത്യാവശ്യ മരുന്നുകളും തീര്‍ന്നുതുടങ്ങിയിരുന്നു. അന്ന് അര്‍ധരാത്രി തന്നെ ഡല്‍ഹി ഹൈക്കോടതി അസാധാരണ സിറ്റിങ്ങ് നടത്തി. വംശഹത്യയില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ഡല്‍ഹി പൊലിസിനു നിര്‍ദേശം നല്‍കി. സ്വന്തം ജോലി ചെയ്യാന്‍ പൊലിസിന് കോടതി അര്‍ധ രാത്രി ഉണര്‍ന്ന് നിര്‍ദേശം നല്‍കേണ്ടിവന്ന അസാധാരണ സാഹചര്യമായിരുന്നു അത്. കോടതി ഉത്തരവ് വരുന്നതുവരെ നിരന്തരം അഭ്യര്‍ഥിച്ചിട്ടും ഡല്‍ഹി പൊലിസ് ഉള്‍പ്പെടെ ആരും തന്നെ ആശുപത്രിയിലേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് ഡോ. അന്‍വര്‍ പറയുന്നു. രാത്രി രണ്ടുമണിയോടെയാണ് ആംബുലന്‍സ് എത്തി ഗുരുതരമായി പരുക്കേറ്റവരെ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൊട്ടടുത്ത ദിവസം തന്നെ കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയുള്ള ഉത്തരവും പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."