ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡ് ഉറപ്പിക്കാന്‍ യു.ഡി.എഫ്
സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരപക്ഷം ഉറപ്പിക്കാന്‍ വയനാട് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ഊര്‍ജിത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്നലെ ജില്ലയില്‍ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. മണ്ഡലത്തില്‍ നിന്നും അഞ്ചുലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം വേണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്. ഇതിനായി ഒരോ നിയോജക മണ്ഡലത്തില്‍ നിന്നും ലഭിക്കേണ്ട ഭൂരിപക്ഷം വോട്ടിന്റെ ടാര്‍ജറ്റും നല്‍കിയിട്ടുണ്ട്. അമ്പതിനായിരത്തിനു മുകളില്‍ ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും ഭൂരിപക്ഷം ലഭിക്കണമെന്നാണ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നാണ് ലഭിക്കുന്ന വിവരം. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വയനാട് ലോകസഭ മണ്ഡലത്തിലെ ഓരോ നിയോജകമണ്ഡലത്തിലും എ.ഐ.സി.സി പ്രത്യേക നിരീക്ഷകരെയും വച്ചിട്ടുണ്ട്. അപ്പപ്പോള്‍ വിവരങ്ങള്‍ എ.ഐ.സി.സി നേതൃത്വത്തെ ഇവര്‍ അറിയിക്കുന്നുമുണ്ട്.
എല്ലാവരും താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് നേതൃത്വം പ്രദേശിക നേതൃത്വത്തോട് പറഞ്ഞിരിക്കുന്നത്. എല്ലാ നിയോജകമണ്ഡലത്തിലും എ.ഐ.സി.സി നേതാക്കളെത്തി പഞ്ചായത്ത് ബൂത്ത് ലവല്‍ നേതൃത്വത്തെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിലയിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയാണ് മുന്നോട്ടുപോകുന്നത്. ഇതിനുപുറമെ ദേശീയ നേതാക്കളെ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനുമാണ് നീക്കം. ഈ മാസം 17ന് രാഹുല്‍ ഗാന്ധി ജില്ലയിലെത്തും. ബത്തേരിയില്‍ റോഡ് ഷോയും പൊതുസമ്മേളനത്തിലും പങ്കെടുക്കും. ഇതിനുപുറമെ പ്രിയങ്ക ഗാന്ധി 20നും ജില്ലയിലെത്തുമെന്നും നേതാക്കള്‍ പറയുന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."