ഖജനാവ് ചോര്‍ത്തുന്ന കടലാസ് കണ്‍സള്‍ട്ടന്‍സികള്‍
കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നത്. സംസ്ഥാനത്തെ എല്ലാ കണ്‍സള്‍ട്ടന്‍സി കരാറുകളും പുനഃപരിശോധിക്കണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയും കണ്‍സള്‍ട്ടന്‍സി കരാറുകള്‍ അനിവാര്യമാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി കണ്‍സള്‍ട്ടന്‍സി കാര്യങ്ങളിലുള്ള തന്റെ കാഴ്ചപ്പാട് ഉറപ്പിച്ചു പറയുന്നത്. കള്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ സര്‍ക്കാര്‍ നിയമനങ്ങളല്ലെന്നും പി.എസ്.സി വഴി ഇത്തരം നിയമനങ്ങള്‍ നടത്താന്‍ പറ്റുകയില്ലെന്നും ആരോപണങ്ങളൊക്കെയും സങ്കുചിത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഇത്തരം ആരോപണങ്ങള്‍ നിക്ഷേപകരെ അകറ്റാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്.
എന്നാല്‍, അദ്ദേഹത്തിന്റെ ബോധ്യം സി.പി.എം കേന്ദ്ര നേതൃത്വത്തിനോ ഘടകകക്ഷിയായ സി.പി.ഐക്കു പോലുമോ ബോധ്യപ്പെടുന്നുമില്ല. ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ചുമതലയില്‍നിന്ന് വിവാദ കമ്പനിയായ പി.ഡബ്ല്യു.സിയെ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടും കണ്‍സള്‍ട്ടന്‍സികളും കരാര്‍ ജോലികളും അനിവാര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. കാരണമായി പറയുന്നതാകട്ടെ വിദഗ്ധരെ ഉപയോഗപ്പെടുത്തണമെങ്കില്‍ കണ്‍സള്‍ട്ടന്‍സികള്‍ വേണമെന്നാണ്. സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി ഭരണത്തെ നിശിതമായ ഭാഷയിലാണ് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു വിമര്‍ശിച്ചത്. അദ്ദേഹം ഇന്നലെ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ' വ്യവസായ വികസനത്തിന്റെ പേരിലും സമ്പദ്ഘടന വളര്‍ച്ചയ്ക്കുമെന്ന പേരിലും കടലാസ് പ്രൊജക്ടുകളുമായി ഭരണതലത്തില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷ സര്‍ക്കാര്‍ തിരിച്ചറിയണമെന്നാണ്'. ഇത്തരം മാരീചന്മാര്‍ക്ക് സര്‍ക്കാര്‍ കരാറുകള്‍ കൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും ലേഖനത്തില്‍ അദ്ദേഹം പറയാതെ പറഞ്ഞിരിക്കുകയാണ്. രാജ്യാന്തര തലത്തില്‍ കരിമ്പട്ടികയില്‍പെട്ടതും വഞ്ചനക്ക് കേസുകള്‍ നേരിടുന്നതുമായ കമ്പനികളെ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി അടിസ്ഥാനത്തില്‍ നിയമിക്കുന്നത്.
കൊവിഡ് ബാധിതരുടെ ഡാറ്റ ശേഖരിക്കാന്‍ ഏല്‍പിക്കപ്പെട്ട സ്പ്രിംഗ്ലര്‍ കമ്പനി കരിമ്പട്ടികയില്‍ പെട്ടതാണെന്നും അമേരിക്കയില്‍ കേസ് നേരിടുന്ന കമ്പനിയാണെന്നും അത്തരമൊരു കമ്പനിയെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ സ്ഥിതിവിവര കണക്ക് ശേഖരിക്കാന്‍ ഏല്‍പിക്കുന്നത് വഴി ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ക്ക് ചോര്‍ത്തി കൊടുക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നിട്ടും സര്‍ക്കാര്‍ സ്പ്രിംഗ്ലര്‍ കമ്പനിയെ ഒഴിവാക്കിയില്ല. അവസാനം കോടതിക്ക് ഇടപെടേണ്ടി വന്നു, ശേഖരിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നു പോവുകയില്ലെന്ന ഉറപ്പുകിട്ടാന്‍.
കണ്‍സള്‍ട്ടന്‍സി ജോലികളുടെ മറവില്‍ സര്‍ക്കാര്‍ വിലാസത്തില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നയതന്ത്ര സ്വര്‍ണക്കടത്ത്. കണ്‍സള്‍ട്ടന്‍സിയുടെ മറപറ്റിയാണ് സ്വപ്ന സുരേഷ് ഐ.ടി മേഖലയില്‍ കയറിപ്പറ്റിയത്. പത്താം ക്ലാസ് പാസാകാത്ത ഈ സ്ത്രീ ഒരു ലക്ഷത്തിലധികം രൂപയാണ് ശമ്പളം പറ്റിയിരുന്നത്. ബി.ടെക്കും എം.ടെക്കും ഉള്ള പതിനായിരങ്ങള്‍ തൊഴിലൊന്നുമില്ലാതെ പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ കാലം കഴിക്കുമ്പോഴാണ് പത്താം ക്ലാസ് പാസാകാത്തവര്‍ പോലും ഐ.ടി മേഖലകളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ കയറിപ്പറ്റുന്നത്. ഇത്തരം ആളുകളുടെ നിയമനങ്ങളില്‍ യാതൊരു പങ്കുമില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, പൊതുഖജനാവില്‍നിന്നാണ് ഇവര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളമായിപ്പോകുന്നത്. സാധാരണക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളങ്ങളില്‍നിന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കും വിഹിതം പിടിച്ചു വാങ്ങുമ്പോള്‍, സ്വപ്ന സുരേഷിനെപ്പോലുള്ളവര്‍ വാങ്ങുന്ന ലക്ഷങ്ങളില്‍നിന്ന് ചില്ലികാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പോകുന്നില്ല.
കടലാസ് കമ്പനികള്‍ക്കും കരിമ്പട്ടികയില്‍പെട്ട കമ്പനികള്‍ക്കും സര്‍ക്കാരിന്റെ കോടികള്‍ വകയിരുത്തപ്പെടുന്ന ജോലികള്‍ യാതൊരു ടെന്‍ഡറുമില്ലാതെ എം. ശിവശങ്കറിനെപ്പോലുള്ള ഉന്നതോദ്യോഗസ്ഥര്‍ ചാര്‍ത്തിക്കൊടുക്കുമ്പോള്‍ രണ്ട് കൂട്ടര്‍ക്കും ലാഭമുണ്ടാകുന്നു. എം. ശിവശങ്കറിനെപ്പോലുള്ള കള്ളത്തരങ്ങള്‍ കൈമുതലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വപ്ന സുരേഷിനെപ്പോലുള്ളവരെ ഉയര്‍ന്ന തസ്തികകളില്‍ നിയമിക്കാന്‍ കഴിയും. മാത്രമല്ല, കമ്പനികളോട് തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ഉയര്‍ന്ന ജോലികളില്‍ നിയമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം. അങ്ങനെയാണ് മന്ത്രി ബന്ധുക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ താല്‍പര്യക്കാരും ഇത്തരം കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലികളില്‍ കയറിപ്പറ്റുന്നത്. കമ്പനികള്‍ക്കാകട്ടെ ഇത്തരം നിയമനങ്ങളില്‍ വിഷമവും ഉണ്ടാവില്ല. ടെന്‍ഡറുകളില്ലാതെ കോടികളുടെ ജോലികള്‍ ജനകീയ സര്‍ക്കാരുകളില്‍നിന്ന് അടിച്ചു മാറ്റുമ്പോള്‍, മന്ത്രി ബന്ധുക്കള്‍ക്ക് നിയമനം കൊടുക്കുന്നതില്‍ അവരെന്തിനു വിഷമിക്കണം. മാത്രമല്ല, കടലാസ് കമ്പനികള്‍ക്ക് ഇത്തരം മന്ത്രിമാരുടെ സംരക്ഷണവും ഉണ്ടാകും. അവിശുദ്ധ കൂട്ടുകെട്ടുകളുടെ തലതൊട്ടപ്പനാണ് താനെന്ന് എം. ശിവശങ്കര്‍ സ്പ്രിംഗ്ലര്‍ കമ്പനിക്ക് കരാര്‍ കൊടുത്തതിലൂടെ തന്നെ തെളിയിച്ചിട്ടുണ്ട്.
ആരോടും കൂടിയാലോചിക്കാതെ, മന്ത്രിസഭ അറിയാതെ, വകുപ്പ് മന്ത്രി അറിയാതെ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് സ്പ്രിംഗ്ലര്‍ കമ്പനിക്ക് കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള കരാര്‍ നല്‍കിയതെന്ന് എം. ശിവശങ്കര്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. പോരാത്തതിന് എം.എന്‍ സ്മാരകത്തില്‍ കയറിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് നേരിട്ടും പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഉന്നത പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ പാര്‍ട്ടി ഓഫിസില്‍ കയറിച്ചെന്ന് തന്റെ ഭാഗം വിശദീകരിക്കേണ്ട യാതൊരു ആവശ്യവുമില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു കീഴ്‌വഴക്കം മുന്‍പ് ഉണ്ടായിട്ടുമില്ല. സ്പ്രിംഗ്ലര്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ തെറ്റില്ലെങ്കില്‍ എന്തിന് ശിവശങ്കര്‍ പാര്‍ട്ടി ഓഫിസുകള്‍ കയറി ഇറങ്ങണം.
കണ്‍സള്‍ട്ടന്‍സി ജോലികള്‍ കരിമ്പട്ടികയില്‍പെട്ട കമ്പനികള്‍ക്കാണെങ്കിലും ടെന്‍ഡറുകളില്ലാതെ നല്‍കുന്നത് അനിവാര്യമായിത്തീരുന്നത് ഇതുകൊണ്ടൊക്കെയായിരിക്കണം. ഇഷ്ടക്കാരെ ഉയര്‍ന്ന ജോലികളില്‍ നിയമിക്കാം. അവര്‍ക്ക് കനത്ത ശമ്പളം തന്നെ ശുപാര്‍ശ ചെയ്യാം. മക്കളുടേയും മരുമക്കളുടേയും പേരില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ കരാറുകള്‍ പുറംവാതിലിലൂടെ അവര്‍ക്ക് നല്‍കാം. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇഷ്ടം പോലെ പണം ഒഴുക്കാം. ആര് ചോദിക്കാന്‍. സി.പി.എം കേന്ദ്ര നേതൃത്വം കരാറുകളൊക്കെ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി പറയുന്നു. കണ്‍സള്‍ട്ടന്‍സികള്‍ അനിവാര്യമാണെന്ന്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."