ലോറി ഡ്രൈവര്‍ മരിച്ച സംഭവം; അപകടത്തിനിടയാക്കിയ കാര്‍ കസ്റ്റഡിയിലെടുത്തു
പുതുക്കാട്: ഞായറാഴ്ച അര്‍ദ്ധരാത്രി പുതുക്കാട് സെന്ററില്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറി ഡ്രൈവര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ നിര്‍ത്താതെപോയ കാര്‍ കണ്ടെത്തി. എറണാകുളം സ്വദേശിയായ ഡോക്ടര്‍ സംഗീത് ചെറിയാന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കളമശ്ശേരിയിലെ ഷോറൂമില്‍ നിന്നാണ് പുതുക്കാട് പൊലിസ് കാര്‍ കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂരിലേക്ക് കോഴി തീറ്റയുമായി പോയിരുന്ന ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ശശികുമാര്‍ (46) ആണ് മരിച്ചത്.
ലോറി നിര്‍ത്തി ചായ കുടിക്കുന്നതിനായി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. തൃശൂര്‍ ഭാഗത്തേക്ക് അമിത വേഗതയില്‍ പോയിരുന്ന കാര്‍ ഇടിച്ച് ശശികുമാര്‍ ദൂരത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തന്റെ കാറിടിച്ച് റോഡരികില്‍ കിടന്ന് പിടയുന്നയാളെ രക്ഷപ്പെടുത്താതെ ഡോക്ടര്‍ കടന്നുകളയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ എറണാകുളത്തെ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് യാത്ര ഉപേക്ഷിച്ച ഡോക്ടര്‍ പുതുക്കാട് സ്റ്റാന്‍ഡിന് മുന്പില് യൂടേണ്‍ തിരിഞ്ഞ് എറണാകുളത്തേക്ക് പോകുകയായിരുന്നുവെന്നും ഈ സമയത്തും ലോറി ഡ്രൈവര്‍ വഴിയരികില്‍ ചോര വാര്‍ന്നൊലിച്ച് കിടക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
അപകടസമയത്ത് കാറില്‍ നിന്ന് തെറിച്ചുപോയ പാര്ട്സാണ് കാര്‍ പിടികൂടാന്‍ പൊലിസിന് സഹായകമായത്. അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ ഡോക്ടര്‍ ഷോറൂമില്‍ എത്തിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പശുവിനെ ഇടിച്ചാണ് കാര്‍ തകര്‍ന്നതെന്ന് ഡോക്ടര്‍ കാര്‍ ഷോറൂമില്‍ അറിയിച്ചിരുന്നു. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയതിന് ഡോ. സംഗീതിനെതിരെ പൊലിസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത കാര്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."