അമിത് ഷാക്ക് വയനാടിന്റെ ചരിത്രം അറിയില്ല- പാക് പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി പിണറായി
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പാക് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിന്റെ ചരിത്രം അമിത് ഷാക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്താലേ ചരിത്രം മനസ്സിലാകൂ എന്ന് പറഞ്ഞ അദ്ദേഹം വയനാടിനെതിരായ അമിതാ ഷായുടെ പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതാണെന്നും ചൂണ്ടിക്കാട്ടി. അമിത് ഷാ വയനാടിനെ അപമാനിച്ചെന്നും പിണറായി കുറ്റപ്പെടുത്തി.
വയനാട്ടിലെ രാഹുലിന്റെ റാലി കണ്ടാല്‍ അത് ഇന്ത്യയാണോ പാകിസ്താനാണോ എന്ന് പറയാനാകില്ലെന്നും എന്തിനാണ് ഇതുപോലൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നതെന്നുമാണ് അമിത്ഷായുടെ പരാമര്‍ശം. നാഗ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കവെയായിരുന്നു പരാമര്‍ശം.
രാഹുല്‍ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഹരിത പതാകകളുമായി റാലിയില്‍ അണിനിരന്നത് ചൂണ്ടിക്കാട്ടിയാണ് അമിത്ഷായുടെ വിമര്‍ശനം. ലീഗിനെതിരേ ഇതാദ്യമായല്ല ബി.ജെ.പി നേതാക്കള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്.
ലീഗിനെ വൈറസ് എന്ന് അധിക്ഷേപിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്ന് ന്യൂനപക്ഷ മണ്ഡലം തേടിയാണ് രാഹുല്‍ വയനാട്ടിലെത്തിയതെന്ന് ആരോപിച്ച് നരേന്ദ്ര മോദിയും നേരത്തെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."