ഇന്റേണല്‍ അസസ്‌മെന്റിന് പുതിയ സംവിധാനം വേണമെന്ന് വിദഗ്ധ സമിതി
തിരുവനന്തപുരം: കോളജുകളില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന രീതിക്ക് മാറ്റം വരുത്തണമെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. എം.ജി യൂണിവേഴ്‌സിറ്റി വി.സി സെബാസ്റ്റ്യന്‍ അധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശ. വൈസ് ചാന്‍സലര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് ശുപര്‍ശ നല്‍കിയത്.
ഇന്റേണല്‍ അസസ്‌മെന്റ് പരിശോധിക്കുന്നതിനായി കോളജ്, സര്‍വകലാശാല തലത്തില്‍ ഓംബുഡ്‌സ്മാനെ നിയമിക്കാനും കൂടാതെ അക്കാദമിക് ഓഡിറ്റിങ് നടത്താനും നിര്‍ദേശമുണ്ട്. അസസ്‌മെന്റ് സംബന്ധിച്ചുള്ള വീഴ്ചകളോ പരാതികളെ ഒഴിവാക്കുന്നതിനായി അക്കാദമിക് ഓഡിറ്റിങ് സുതാര്യത, പരാതിപരിഹാര സംവിധാനം, സമ്മര്‍ കോഴ്‌സ് എന്നീ നാലു പരിപാടികളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കോളജുകളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ പ്രഫസര്‍മാരുള്‍ക്കൊള്ളുന്ന ഇന്റേണല്‍ ഓഡിറ്റിങ് സമിതി സര്‍വകലാശാലയിലെ എക്‌സ്‌റ്റേണല്‍ ഓഡിറ്റിങ് സമിതിക്ക് ആവശ്യമായ രേഖകള്‍ നല്‍കണം. ഇന്റേണല്‍ അസസ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും വെബ് അധിഷ്ഠിതമാക്കാനും സമിതി ശുപര്‍ശ നല്‍കിയിട്ടുണ്ട്. ഇതു വഴി ഇന്റേണല്‍ അസസ്‌മെന്റുമായി ബന്ധപ്പെട്ട മാര്‍ക്കുകള്‍, ഹാജര്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാവും.
പരാതികള്‍ പരിഹരിക്കുന്നതിന് ദ്വിതല തലത്തില്‍ ഓംബുഡുസ്മാന്‍ സംവിധാനവും സമിതി വിഭാവനം ചെയ്യുന്നുണ്ട്. സര്‍വകലാശാല തലത്തിലും കോളജ് തലത്തിലുമാവും ഓംബുഡ്‌സ്മാന്‍ നിയമിതനാവുക.
നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ സ്വാശ്രയ കോളജുകളിലെ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിലുള്‍പ്പെടെ വിവേചനങ്ങള്‍ നിലനിന്നിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സ്വാശ്രയ കോളജുകളിലെ പ്രശ്‌നങ്ങളെ കുറിച്ച പഠിക്കുന്നതിന് വൈസ് ചാന്‍സലര്‍മാരുടെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."