വന്ദേഭാരത് മിഷന് നാലാം ഘട്ടത്തില്‍ കൂടുതൽ സര്‍വീസുകള്‍ അനുവദിച്ചു
ജിദ്ദ: കൊവിഡ് പ്രതിസന്ധി മൂലം സഊദിയിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെ ത്തിക്കുന്നതിനു വേണ്ടി വന്ദേഭാരത് മിഷന് നാലാം ഘട്ടത്തില്‍ കേന്ദ്രം സർക്കാർ അധിക വിമാന സര്‍വീസുകള്‍ അനുവദിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സര്‍വീസുകളാണ് കൂടുതലായി അനുവദിച്ചത്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നാല്പത്തിയേഴ് സര്‍വീസുകളാണ് പുതുതായി അനുവദിച്ചത്.
നാളെ മുതല്‍ മുപ്പത്തിയൊന്ന് വരെയാണ് സര്‍വീസുകള്‍. ദമ്മാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കേരളത്തിലേക്കുള്ള ഇരുപത്തിനാല് സര്‍വീസുകള്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയേഴ് സര്‍വീസുകളാണ് പുതുതായി അനുവദിച്ചത്. ദമ്മാമില്‍ നിന്നും റിയാദില്‍ നിന്നുമാണ് കൂടുതല്‍ സര്‍വീസുകള്‍. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍.
എംബസിയുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റെടുക്കാവുന്നതാണ്. എംബസിയില്‍ നിന്നുള്ള പ്രത്യേക അനുമതിക്കായി ഇനി കാത്തിരിക്കേണ്ടതില്ല. സഊദിയിലെ ഡിനാറ്റ ട്രാവല്‍സുകള്‍ വഴിയാണ് ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ടിക്കറ്റുകള്‍ വില്‍പ്പന നടത്തുന്നത്.
എയര്‍ ഇന്ത്യ ഈടാക്കുന്ന ടിക്കറ്റ് നിരക്കിന് സമാനമായ തുകയാണ് ഇന്‍ഡിഗോ എയറും ഈടാക്കുന്നത്. കേരളത്തിലേക്ക് 21ന് ദമാം - കോഴിക്കോട്, ദമാം- കൊച്ചി, 22ന് ദമാം- തിരുവനന്തപുരം, ദമാം- കണ്ണൂര്‍, 23ന് ദമാം- കൊച്ചി, 24ന് ദമാം- കോഴിക്കോട്, 27ന് ദമാം- കൊച്ചി, ദമാം- കോഴിക്കോട്, 28ന് ദമാം - കണ്ണൂര്‍ സെക്ടറുകളില്‍ ഇന്‍ഡിഗോയും 24ന് റിയാദ്- കോഴിക്കോട്, ജിദ്ദ- കോഴിക്കോട്, 25ന് റിയാദ് - കോഴിക്കോട്, ജിദ്ദ - കോഴിക്കോട്, 26ന് ദമാം- കോഴിക്കോട്, റിയാദ് - കോഴിക്കോട്, 27ന് ദമാം- കോഴിക്കോട്, ദമാം- കൊച്ചി, 28ന് ദമാം- കൊച്ചി, ദമാം- തിരുവനന്തപുരം, 29ന് ദമാം- തിരുവനന്തപുരം, ദമാം- കൊച്ചി, 30ന് ദമാം- കോഴിക്കോട്, ദമാം- തിരുവനന്തപുരം എന്നീ സെക്ടറുകളിലേക്ക് ഗോ എയറും സര്‍വീസ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."