എം.ബി.ബി.എസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി: കരുതിക്കൂട്ടി തോല്‍പ്പിച്ചതെന്ന് ആക്ഷേപം
തിരുവനന്തപുരം: എം.ബി.ബി.എസ് പരീക്ഷയെഴുതിയ തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലെ 42 പേര്‍ക്ക് കൂട്ടത്തോല്‍വി. മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടായതായും ചില വിദ്യാര്‍ഥികളെ മനപ്പൂര്‍വം തോല്‍പ്പിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.
2014 ബാച്ചിലെ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ തോറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 22 വിദ്യാര്‍ഥികള്‍ മെഡിസിന്‍ പ്രാക്ടിക്കല്‍ പരീക്ഷക്കും തൃശൂര്‍ മെഡിക്കല്‍ കോളജിലെ 20വിദ്യാര്‍ഥികള്‍ ശിശുരോഗ വിഭാഗത്തിലെ പരീക്ഷക്കുമാണ് തോറ്റത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ തോല്‍വിയാണ് ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. ഇവിടെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന ഒരു ഡോക്ടറെ മാറ്റാന്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പിന്നീട് ഈ ഡോക്ടറെ മാറ്റുകയും ചെയ്തു. ഈ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ തോറ്റത് എന്നതാണ് ആക്ഷേപത്തിന് കാരണമായിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളില്‍ അനുകൂലമായ നിലപാട് ഉണ്ടാകാറില്ലെന്നും എപ്പോഴും ഫാക്വല്‍റ്റികള്‍ക്ക് അനുകൂല നിലപാടാണ് ഉണ്ടാകുന്നതെന്നുമാണ് ഇതുസംബന്ധിച്ച് തോറ്റ വിദ്യാര്‍ഥികള്‍ നല്‍കുന്ന വിശദീകരണം.
കൂട്ടത്തോല്‍വിയുടെ പശ്ചാത്തലത്തില്‍ മാര്‍ക്ക് ലിസ്റ്റുകള്‍ വിദ്യാര്‍ഥികള്‍ വിവരാവകാശ നിയമപ്രകാരം എടുത്ത് പരിശോധിച്ചിരുന്നു.
ഇവയില്‍ ചില വിഭാഗങ്ങളില്‍ മാര്‍ക്ക് രേഖപ്പെടുത്താതെയും ചിലത് വെട്ടിത്തിരുത്തിയ നിലയിലുമെല്ലാമാണുള്ളത്. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും മനപ്പൂര്‍വമായ പിശകുകളുമാണ് ഇതെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വകലാശാലക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."