നിര്‍ധന കുടുംബത്തിന് കൈതാങ്ങായി വെള്ളാങ്കല്ലൂര്‍ റെയ്ഞ്ച്
പുത്തന്‍ചിറ: പത്താം ക്ലാസുകാരനായ മകന് ബാധിച്ച വൃക്ക രോഗത്താല്‍ ദുരിതം പേറുന്ന നിര്‍ധന കുടുംബത്തിന് വെള്ളാങ്കല്ലൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ കൈതാങ്ങ്.
ഇരു വൃക്കകളും തകരാറിലായ കരൂപ്പടന്ന തരുപീടികയില്‍ ജമാലുദ്ധീന്റെ മകന് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഫൈസലിന്റെ ചികിത്സക്കായി ഒരു ലക്ഷത്തി എഴുപതിനായിരത്തോളം രൂപ സമാഹരിച്ച് നല്‍കിയാണ് വെള്ളാങ്കല്ലൂര്‍ റെയ്ഞ്ച് നിര്‍ധന കുടുബത്തിന് കൈതാങ്ങായത്. ദരിദ്ര കുടുംബാംഗമായ ഫൈസലിന്റെ കിഡ്നി മാറ്റിവെക്കുന്നതിനായി വന്‍ തുക ആവശ്യമായി വന്നപ്പോള്‍ ചികിത്സ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഫൈസല്‍ ചികിത്സ സഹായ നിധിയിലേക്ക് സമാഹരിച്ച രണ്ടാം ഘട്ട സഹായ ധനവും കൈമാറി. വെള്ളാങ്കല്ലൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസകളില്‍ നിന്ന് സമാഹരിച്ച 52000 ത്തിലേറെ രൂപയാണ് രണ്ടാം ഘട്ടത്തില്‍ കൈമാറിയത്. ചികിത്സ സഹായ ധനം റെയ്ഞ്ച് പ്രസിഡന്റ് സി.പി മുഹമ്മദ് ഫൈസിയില്‍ നിന്ന് ചികിത്സ സഹായ സമിതി ചെയര്മാന് അയ്യൂബ് എം.കെ ഏറ്റ് വാങ്ങി. ആദ്യഘട്ടത്തില്‍ 116000 ത്തിലേറെ രൂപയാണ് സമാഹരിച്ച് നല്‍കിയത്. റെയ്ഞ്ച് പ്രസിഡന്റ് സി.പി മുഹമ്മദ് ഫൈസി അധ്യക്ഷനായി. സമസ്ത മുഫത്തിഷ് യു.ഉസ്മാന് ഫൈസി ഉദ്ഘാടനം ചെയ്തു. അയ്യൂബ് ദാരിമി അഡിക്ഷന് എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
അധ്യാപന രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന പരീക്ഷാ ബോര്‍ഡ് ചെയര്മാന് ടി.മുഹമ്മദ് കുട്ടി മൗലവി അനുഭവങ്ങള്‍ പങ്ക് വെച്ചു. സെക്രട്ടറി എന്‍.എസ് ബഷീര്‍ മൗലവി സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി അബ്ദു സമദ് ദാരിമി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."