രാഹുലിന്റെ തലയില്‍ പച്ച ലേസര്‍ വെളിച്ചം പതിഞ്ഞു
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അമേത്തി യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതായി കോണ്‍ഗ്രസ് ആദ്യം വ്യക്തമാക്കിയെങ്കിലും പിന്നീട് നിഷേധിച്ചു. അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം നടന്ന റാലിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ രാഹുലിന്റെ തലയ്ക്ക് നേരേ പച്ച നിറത്തിലുള്ള ലേസര്‍ വെളിച്ചം പതിഞ്ഞതായും ഏഴു തവണ അത് ആവര്‍ത്തിച്ചതായുമാണ് കോണ്‍ഗ്രസ് പരാതി.
അമേത്തിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനിടെ തലയുടെ വലതുവശത്ത് രണ്ടുവട്ടം ലേസര്‍ വെളിച്ചം പതിഞ്ഞു. ഇതിന്റെ വിഡിയോ ക്ലിപ്പിങും കോണ്‍ഗ്രസ് പുറത്തുവിട്ടു. ബുധനാഴ്ചയാണ് സംഭവം.
രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും സുരക്ഷാവീഴ്ച മൂലം കൊല്ലപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ സുരക്ഷയില്‍ കോണ്‍ഗ്രസ് ആശങ്കയറിയിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷന്റെ സുരക്ഷയില്‍ അതിയായ ആശങ്കയുണ്ട്. രാഹുലിന്റെ ജീവന്‍ ഏതെങ്കിലും കൊലയാളി ലക്ഷ്യം വയ്ക്കുന്നുണ്ടോയെന്നും ആശങ്കയുണ്ട്. രാഹുലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വീഴ്ചയാണിതെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."