തൃശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രിംകോടതി അനുമതി നല്‍കി
ന്യൂഡല്‍ഹി: തൃശൂര്‍ പൂരത്തിന് ആചാരപ്രകാരം തന്നെ വെടിക്കെട്ട് നടത്താന്‍ സുപ്രിംകോടതിയുടെ അനുമതി.
പടക്കത്തിനും സമയത്തിനുമുണ്ടായിരുന്ന നിയന്ത്രണത്തില്‍ ഇളവ് നല്‍കിയാണ് ജസ്റ്റിസുമാരായ എസ്.എ ബോബ്്‌ദെ, മോഹന്‍ എം ശാന്തഗൗഡര്‍, ഇന്ദിരാബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് അനുമതി നല്‍കിയിരിക്കുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നടപടി. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ബോറിയം എന്ന രാസവസ്തുവുള്ള പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. വെടിക്കെട്ട് ആചാരപ്രകാരമുള്ള സമയത്തു തന്നെ നടത്താം. വെടിക്കെട്ട് പൂരാഘോഷത്തിന്റെ അവിഭാജ്യഘടകമായതിനാല്‍ വെടിക്കെട്ടിന് മുന്‍വിധിയില്‍ ഇളവ് നല്‍കാതിരിക്കേണ്ട കാര്യമില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
പടക്കങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 ഒക്ടോബറില്‍ അര്‍ജുന്‍ ഗോപാല്‍ കേസില്‍ സുപ്രീം കോടതി പുറപ്പടിവിച്ച പടക്ക നിയന്ത്രണ ഉത്തരവിലെ നിര്‍ദ്ദേശങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഉത്തരവ് പ്രകാരം ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ പൊട്ടിക്കാന്‍ പറ്റില്ല. രാത്രി 8 മുതല്‍ 10 മണി വരെ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളുവെന്ന ഉത്തരവ് പാലിച്ചാല്‍ സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട് എന്നിവയും ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് ദേവസ്വങ്ങള്‍ ഇളവ് തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."