കുറ്റിക്കോലില്‍ തെരുവുനായ ശല്യം; പശുവിനെയും ആടുകളെയും കൊന്നു
കുറ്റിക്കോല്‍: കുറ്റിക്കോല്‍ മേഖലയില്‍ തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നു. ഒരു പശുവും നാലു ആടുകളും തെരുവുനായകളുടെ കടിയേറ്റ് ചത്തു. കുറ്റിക്കോലില്‍ നാലു ആടുകളും മുന്നാട്ട് ഒരു കറവപ്പശുവുമാണ് ചത്തത്.
റോഡരികിലൂടെ നടന്നുപോവുകയായിരുന്നയാളെയും നായ കടിച്ചു. കുറ്റിക്കോല്‍ ഞെരുവിലെ ബാലന് വെളിച്ചപ്പാടിന്റെ ആടുകളെയാണ് തെരുവുനായകള്‍ കടിച്ചുകൊന്നത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ ആടുകള്‍ തല്‍ക്ഷണം ചത്തു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. മേയാനായി വീടിനടുത്തുള്ള തോട്ടത്തില്‍ ആടുകളെ കെട്ടിയിട്ടതായിരുന്നു. ആടുകളുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കടിച്ചിട്ടിരുന്നു. നായകള്‍ പേപ്പട്ടിയുടെ ലക്ഷണം കാണിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം, മുന്നാട് പെരിങ്ങാനത്തെ പി.വി രാഘവന്റെ പശുവും തെരുവുനായയുടെ കടിയേറ്റ് ചത്തു. തൊഴുത്തില്‍ കിടക്കുകയായിരുന്ന പശുവിനെ നായ കടിക്കുകയായിരുന്നു. ഇതേ നായ പിന്നീട് മുന്നാട്ടെ വ്യാപാരിയായ കുഞ്ഞമ്പു നായരെ (52) യും കടിച്ചു പരിക്കേല്‍പ്പിച്ചു.
ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയോരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാവുകയാണ്.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്സിനെ ഒരാഴ്ച മുന്‍പ് ആശുപത്രി വളപ്പില്‍വച്ച് നായ കടിച്ചിരുന്നു. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് തെരുവുനായകളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."