അരീക്കോട് 220 കെ.വി സബ്സ്റ്റേഷനിലെ തകരാര്‍ പരിഹരിച്ചു
ബുധനാഴ്ച രാത്രി മലബാറിലെ ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു
അരീക്കോട്: കെ.എസ്.ഇ.ബി അരീക്കോട് 220 കെ.വി സബ്സ്റ്റേഷനിലെ തകരാര്‍ പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. സബ്സ്റ്റേഷന് യാഡിലെ ഐസുലേറ്റര്‍ തകരാറിലായതോടെ ബുധനാഴ്ച രാത്രി 11ഓടെയാണ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി ബന്ധം നിലച്ചത്. സാങ്കേതിക തകരാര്‍ ഭാഗികമായി പരിഹരിച്ച് രാത്രി 12.30തോടെയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
അഞ്ച് ജില്ലകളില്‍ ഒരുമിച്ച് വൈദ്യുതി മുടങ്ങിയത് ജനത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. പുറത്ത് നിന്ന് എത്തിക്കുന്ന വൈദ്യുതി സബ്സ്റ്റേഷനില്‍ എത്തിച്ച് ഫീഡറുകള്‍ വഴി മലബാറിലെ വിവിധസബ്സ്റ്റേഷനുകളിലേക്ക് വിതരണം ചെയ്യുന്നത് അരീക്കോട് നിന്നാണ്. വൈദ്യുതി അപകടം ഇല്ലാതാക്കാനായി കെ.എസ്.ഇ.ബി കൈവരിച്ച സാങ്കേതിക മികവാണ് വന്‍ അപകടം ഒഴിവാക്കിയത്. സ്റ്റേഷന് യാഡില്‍ സ്പാര്‍ക്ക് ഉണ്ടായ സമയം തന്നെ പുറത്തേക്കുള്ള മുഴുവന്‍ വിതരണ ശൃംഖലകളിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു. സബ്സ്റ്റേഷനിലെ ഐസുലേറ്റര്‍ സംവിധാനത്തിലെ തകരാര്‍ ഇന്നത്തോടെ പൂര്‍ണമായും പരിഹരിക്കാനാകുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."