സ്വര്‍ണക്കടത്തു കേസില്‍ വ്യാജസീല്‍ നിര്‍മിച്ച സ്ഥലം എന്‍.ഐ.എ കണ്ടെത്തി: സീല്‍ ഉണ്ടാക്കിയത് സ്റ്റാച്യുവിന് സമീപത്തെ കടയില്‍ നിന്ന്
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ വ്യാജസീല്‍ നിര്‍മിച്ച സ്ഥലം എന്‍.ഐ.എ കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്യുവിന് സമീപത്തെ കടയില്‍ വച്ചാണ് വ്യാജ സീല്‍ ഉണ്ടാക്കിയത്.
തെളിവെടുപ്പിനായി സ്വര്‍ണക്കടത്തിലെ ഒന്നാം പ്രതി സരിത്തിനെ തിരുവനന്തപുരത്ത് എത്തിച്ചപ്പോഴാണ് വ്യാജസീലുണ്ടാക്കിയ കട അന്വേഷണസംഘം കണ്ടെത്തിയത്.
തെളിവെടുപ്പിനിടെ സരിത്ത് തന്നെയാണ് കട എന്‍.ഐ.എയ്ക്ക് കാണിച്ചുകൊടുത്തത്. സ്വപ്‌നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റ്, സെക്രട്ടേറിയറ്റിന് സമീപത്തെ ഗൂഢാലോചന നടന്നുവെന്നു പറയപ്പെടുന്ന ഹെദര്‍ ഫ്‌ളാറ്റ്, തിരുവല്ലത്തെ സരിത്തിന്റെ വീട് എന്നിവിടങ്ങളിലാണ് പ്രധാനമായും തെളിവെടുപ്പ് നടത്തിയത്.
കൊച്ചിയില്‍നിന്ന് സരിത്തുമായി പുലര്‍ച്ചെ തിരിച്ച എന്‍.ഐ.എ സംഘം 11 മണിയോടെയാണ് തലസ്ഥാനത്തെത്തിയത്. ആദ്യം പൊലിസ് ക്ലബ്ബിലാണ് സരിത്തിനെ എത്തിച്ചത്. പൊലിസ് ക്ലബില്‍ എത്തുന്നതിനു 10 മിനിട്ടു മുന്‍പാണ് സംരക്ഷണം ആവശ്യപ്പെട്ട് കമ്മിഷണര്‍ ഓഫിസിനെ എന്‍.ഐ.എ സമീപിച്ചത്.
മൂന്ന് ഉദ്യോഗസ്ഥരാണ് എന്‍.ഐ.എ സംഘത്തിലുണ്ടായിരുന്നത്. പിന്നീട് റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി സരിത്തിനെ പൊലിസ് ക്ലബ്ബില്‍നിന്ന് സന്ദീപിന്റെ അരുവിക്കര പത്താംകല്ലിലെ വീട്ടിലെത്തിച്ചു. ഈ വീട്ടില്‍ ഗൂഢാലോചന നടന്നതായാണ് എന്‍.ഐ.എ സംശയിക്കുന്നത്.
നേരത്തെ ഇവിടെ നടത്തിയ പരിശോധനയില്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
തുടര്‍ന്ന് സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റിലെത്തിച്ചു. ആറാം നിലയിലെ ഫ്‌ളാറ്റിലേക്ക് സരിത്തിനെ കൂട്ടിക്കൊണ്ടുപോയാണ് അമ്പലമുക്കിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
അതിനു ശേഷം കുറവന്‍കോണത്തും ഉള്ളൂരിലെയും നന്ദാവനത്തെയും ചില ഹോട്ടലുകളിലും എന്‍.ഐ.എ സംഘം തെളിവെടുപ്പ് നടത്തി. പട്ടത്തെ ഒരു പാര്‍ക്കിങ് സ്ഥലത്തും കൊണ്ടുപോയി. ഇവിടങ്ങളില്‍ വച്ച് സ്വര്‍ണം കൈമാറിയെന്നാണ് സംശയം.
സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് പിന്നീട് തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെയും പതിനഞ്ചു മിനിറ്റോളം തെളിവെടുപ്പ് നടത്തി. അതിനു സമീപത്തെ ഹോട്ടലിന്റെ ദൃശ്യവും പകര്‍ത്തി.
സ്വര്‍ണം കടത്താനായി രേഖയുണ്ടാക്കാന്‍ പ്രതികള്‍ വ്യാജസീലുണ്ടാക്കിയ കടയും ഇതിനിടെ കണ്ടെത്തി.
സരിത്തിന്റെ തിരുവല്ലത്തെ വീട്ടിലേക്കും തെളിവെടുപ്പിനായി കൊണ്ടുപോയി.
മുക്കാല്‍ മണിക്കൂറോളം തെളിവെടുപ്പ് നടത്തി. വ്യാജ രേഖകള്‍ പ്രിന്റ് എടുത്ത വീടിനു സമീപത്തുള്ള ഡി.ടി.പി കടയിലും തെളിവെടുത്തു. കഴിഞ്ഞ ദിവസം സ്വപ്നയെയും സരിത്തിനെയും അതീവ രഹസ്യമായി തലസ്ഥാനത്തെത്തിച്ച് എന്‍.ഐ.എ തെളിവെടുത്തിരുന്നു. അതിനു പിന്നാലെയാണ് സരിത്തുമായി സംഘമെത്തിയത്.
തെളിവെടുപ്പ് പൂര്‍ത്തിയാക്കി സന്ധ്യയോടെ സംഘം പേരൂര്‍ക്കടയിലെ പൊലിസ് ക്ലബ്ബിലെത്തി. തുടര്‍ന്ന് രാത്രിയോടെ കൊച്ചിക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."