സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളിലും പുനഃപരിശോധന
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങള്‍ അന്വേഷണം നടത്തി ഒരുവര്‍ഷമായി അനുമതിക്ക് കാത്ത് കിടക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപേക്ഷകളില്‍ പുനഃപരിശോധന നടത്താന്‍ നിര്‍ദേശം. ഇതോടെ ഒരുവര്‍ഷമായി സംസ്ഥാനത്ത് വിവിധ പെന്‍ഷനുകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച പതിനായിരങ്ങള്‍ക്ക് അവ ലഭിക്കാന്‍ ഇനിയും കാലതാമസമെടുക്കും.
വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവയിലെ അര്‍ഹരായ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഒരുവര്‍ഷമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഡാറ്റാഎന്‍ട്രി നടത്താന്‍ കഴിഞ്ഞിരുന്നില്ല.
അതുകൊണ്ടുതന്നെ ഇവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനായിട്ടുമില്ല.വികലാംഗ പെന്‍ഷന്‍ അപേക്ഷകള്‍ മാത്രമാണ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്.തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒരുവര്‍ഷമായി ലഭിച്ച അപേക്ഷകളില്‍ പരിശോധന നടത്തി സേവന പെന്‍ഷന്‍ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്താന്‍ കാത്തിരിക്കുമ്പോഴാണ് പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും അപേക്ഷകള്‍ പുനഃപരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി പതിനായരിത്തിലേറെ അപേക്ഷകളാണ് ഒരുവര്‍ഷമായി കെട്ടിക്കിടക്കുന്നത്.
ശരാശരി ഒരു ഗ്രാമപഞ്ചായത്തില്‍ 200 മുതല്‍ 350 വരെ അപേക്ഷകളാണു ഡാറ്റാഎന്‍ട്രി ചെയ്യാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നത്.അപേക്ഷകള്‍ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങള്‍ പരിശോധന നടത്തി ക്ലിയര്‍ ചെയ്തതുമാണ്.
ഇവയാണ് വീണ്ടും മഹിളാ പ്രധാന്‍ ഏജന്റുമാര്‍ മുഖേന പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധന നടത്തണമെന്ന് നിര്‍ദേശം നല്‍കിയത്.
മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് പരിശോധന നടത്താന്‍ കഴിയാത്ത ഗുണഭോക്താക്കളുടേത് വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തദ്ദേശ സെക്രട്ടറിമാര്‍ പരിശോധന നടത്തണം. പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും ഇതു ബാധകമാണ്.
വികലാംഗര്‍ക്കല്ലാതെ രണ്ട് പെന്‍ഷന് അനുമതി നല്‍കാന്‍ പാടില്ലെന്നാണ് പുതിയ നിയമം.1200 സ്‌ക്വയര്‍ ഫീറ്റ് വീട്, ടാക്‌സി ഒഴികെ നാലുചക്രവാഹനങ്ങളുള്ളവര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയില്ല. പുതിയ അപേക്ഷകളില്‍ ആധാര്‍ ലിങ്ക് ചെയ്തതിന് ശേഷമേ ഡാറ്റാഎന്‍ട്രി ഉള്‍പ്പെടെ ചെയ്യാന്‍ സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."