ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിലെ ജീവനക്കാരുടെ ശമ്പളം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി. പൊതുമേഖലാ സ്ഥാപനമായ കാസര്‍കോട് ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിലെ മുഴുവന്‍ ജീവനക്കാരുടെയും പതിനെട്ട് മാസമായി മടുങ്ങിയ ശമ്പളം എത്രയുംപെട്ടന്ന് നല്‍കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറി മൂന്നാഴ്ച്ചക്കുള്ളില്‍ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഭെല്‍ -ഇ.എം.എല്‍ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫ് അഡ്വ.പി.ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഇടക്കാല ഉത്തരവ്.
ഓഹരികള്‍ വിറ്റഴിക്കുന്നുതുമായി ബന്ധപ്പെട്ട് ബെല്ലിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 49 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാരിനുളളതിനാല്‍ ബാക്കി 51 ഓഹരികള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മുന്‍ഗണന നല്‍കുകയും സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഓഹരി ഒന്നിന് ഒരു രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അതനുസരിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ ഭെല്ലിന്റെ ചുമതല വഹിച്ചിരുന്ന സ്‌പെഷ്യല്‍ ഓഫിസറെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.
അതുമൂലം ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും ചെയ്‌തെന്ന് ഹരജി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ തുടങ്ങിയിട്ടില്ലെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച കോടതി ഏറ്റെടുക്കല്‍ നടപടിയുടെ നിജസ്ഥിതി എന്താണെന്നു ആരാഞ്ഞു.കാലതാമസത്തിന് കാരണം എന്തെന്ന് വ്യക്തമാക്കണമെന്നും സംസ്ഥാന -കേന്ദ്ര സര്‍ക്കാരുകളോടു നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."