ബോട്ടുകള്‍ അവസാനഘട്ട മിനുക്കുപണിയില്‍
പൊന്നാനി: ട്രോളിങ് നിരോധനം തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബോട്ടുകള്‍ തിരക്കിട്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നു. ജൂലൈ 31 നാണ് ട്രോളിങ് നിരോധനം അവസാനിക്കുക. പൊന്നാനി തുറമുഖത്ത് വലിയൊരു ശതമാനം ബോട്ടുകളും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കൂടുതല്‍ അറ്റകുറ്റപ്പണി ആവശ്യമുള്ള ബോട്ടുകള്‍ യന്ത്രങ്ങളുടെ സഹായത്തോടെ കരയിലേക്ക് കൊണ്ടുവന്നാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
ഏറെ ചെലവ് വരുന്ന ഇതിന് പലബോട്ടുടമകളും തയാറാകാറില്ല. പൊന്നാനിയില്‍ തന്നെ ഇരുപതോളം ബോട്ടുകള്‍ മാത്രമാണ് ഇത്തരത്തില്‍ കരയിലേക്ക് കൊണ്ട് വന്ന് റിപ്പയര്‍ ചെയ്യുന്നത്. നാലു ലക്ഷം മുതല്‍ ആറു ലക്ഷം വരെ രൂപയാണ് ഇത്തരത്തില്‍ ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ചെലവ് വരുന്നത്. ട്രോളിങ് നിരോധനം കഴിഞ്ഞാലും ഈ ബോട്ടുകള്‍ക്ക് കടലിലിറങ്ങാനാവില്ല. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തത് തന്നെയാണ് കാരണം. മറ്റു ബോട്ടുകളെല്ലാം പുഴയില്‍ വച്ചു തന്നെയാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നത്.
ബേപ്പൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും വന്ന ആശാരിമാരാണ് പ്രധാനമായും ജോലിക്കുള്ളത്.
വറുതിയുടെ നാളുകള്‍ക്ക് വിടനല്‍കി സമൃദ്ധിയുടെ നാളുകള്‍ വരുമെന്ന പ്രതീക്ഷയിലാണ് കടം വാങ്ങിയും വായ്പയെടുത്തും ബോട്ടുകള്‍ നന്നാക്കിയെടുക്കുന്നത്. ട്രോളിങ് നിരോധന സമയത്ത് മത്സ്യബന്ധനത്തിന് അനുമതിയുള്ള പരമ്പരാഗത വള്ളങ്ങള്‍ക്ക് മതിയായ മീന്‍ ലഭിച്ചിരുന്നില്ല. വല്ലപ്പോഴും ലഭിക്കുന്ന മത്തിയും അയലയും ചെമ്മീനുമായിരുന്നു ആശ്വാസം. ചെമ്മീന്‍, കൂന്തള്‍ എന്നിവയാണ് ട്രോളിങ് നിരോധനശേഷമുള്ള ദിവസങ്ങളില്‍ കൂടുതലായി ലഭിക്കേണ്ടത്. നിരോധന കാലയളവ് നീട്ടുമെന്ന് ബന്ധപ്പെട്ട വകുപ്പ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ അത്തരമൊരു അറിയിപ്പ് വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."