താനൂര്‍ സംഘര്‍ഷം: നിരപരാധികളെ ഉന്നംവച്ച് വീണ്ടും പൊലിസ്
മലപ്പുറം: താനൂര്‍ സംഘര്‍ഷത്തിന്റെ പേരില്‍ പൊലിസ് നിരപരാധികളെ പിടികൂടുന്നതായി ആക്ഷേപം. താനൂരില്‍ വ്യാപക അക്രമം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാതെയാണ് വീണ്ടും നിരപരാധികളെ വേട്ടയാടുന്നത്. പൊലിസിനെ അക്രമിച്ചെന്നാരോപിച്ചു കഴിഞ്ഞ ദിവസവും രണ്ടു പേരെ പിടികൂടിയിരുന്നു. എന്നാല്‍, ഇവര്‍ അക്രമങ്ങളില്‍ ഉള്‍പ്പെടാത്തവരാണ്.
അതേസമയം, പ്രദേശത്തു വ്യാപക അതിക്രമം നടത്തിയ പൊലിസിനെതിരേ യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. താനൂര്‍ തീരദേശ മേഖലയില്‍ പൊലിസ് വ്യാപകരമായി അക്രമം നടത്തിയതായി ആരോപണമുയര്‍ന്നിട്ടും ഇതിനെക്കുറിച്ച് അന്വേഷണവുമുണ്ടായില്ല. പൊലിസ് നിരപരാധികളെ വേട്ടയാടിയെന്നു സ്ഥലം സന്ദര്‍ശിച്ച ന്യൂനപക്ഷ കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫയും അംഗം അഡ്വ. ബിന്ദുവും സംഘര്‍ഷബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊലിസ് സ്വീകരിച്ച നടപടിയെ വിമര്‍ശിച്ചിരുന്നത്.
താനൂര്‍-ഒട്ടുംപുറം അഴിമുഖം റോഡില്‍ അക്രമം നടത്തിയ ലീഗ്-സി.പി.എം പ്രവര്‍ത്തകരെ പൊലിസ് പിരിച്ചുവിട്ട ശേഷം സംഘര്‍ഷ പ്രദേശത്തെത്തിയ പൊലിസുകാര്‍ റോഡിനിരുവശത്തും താമസിക്കുന്ന ചിലവരുടെ വീടിന്റെ കോമ്പൗണ്ടിലേക്കു പ്രവേശിച്ച് അക്രമം നടത്തിയതായുള്ള നാട്ടുകാരുടെ പരാതി ന്യൂനപക്ഷ കമ്മിഷന്‍ ശരിവച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ സംഭവിച്ചവരില്‍ ഭൂരിഭാഗം പേരും മുസ്‌ലിംലീഗുകാരോ സിപി.എമ്മുകാരോ അല്ലെന്നും സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ അവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഈ അക്രമങ്ങള്‍ക്കു കാരണക്കാരായവരെ കണ്ടെത്താനും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന്റെ തുടര്‍നപടികളൊന്നുമുണ്ടായില്ല.
സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നവരില്‍ ചിലര്‍ നിരപരാധികളാണെന്നും അക്രമികളില്‍ പലരും പിടിയിലായിട്ടില്ലെന്നും ഈ വസ്തുതകൂടി പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും കമ്മിഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പൊലിസിന്റെ അക്രമത്തില്‍ വീടിന്റെ ജനല്‍പാളികള്‍ തകര്‍ത്തതായും കാര്‍, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായും നിരപരാധികളായവരെ പിടിച്ചുകൊണ്ടുപോയതായും കമ്മിഷന്‍ ശരിവച്ചിട്ടുണ്ട്.
നിര്‍ധനരും നിരപരാധികളുമായവരുടെ വീടുകളാണ് കൂടുതലും നശിപ്പിക്കപ്പെട്ടത്. ഈ നാശനഷ്ടങ്ങളെല്ലാം വരുത്തിയത് ക്യാംപില്‍നിന്നു സംഘര്‍ഷസ്ഥലത്തെത്തിയ പൊലിസുകാരാണെന്നു ബോധ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."