വെള്ളക്കെട്ട്, ഇരുട്ട്, കുഴി; ദേശീയപാത 766ല്‍ യാത്ര ദുഷ്‌കരം
കോഴിക്കോട്: ദേശീയപാത 766ല്‍ കോഴിക്കോട് മുതല്‍ കാരന്തൂര്‍ വരെയുള്ള ഭാഗങ്ങളിലെ വെള്ളക്കെട്ടും റോഡ് തകര്‍ന്നതും മൂലം യാത്രാദുരിതം.
മൂഴിക്കല്‍ മുക്കിനു സമീപത്തെ വളവ്, ചെലവൂര്‍ ശാഫിക്കു സമീപത്തെ വളവ്, കാരന്തൂര്‍ സഹകരണ ബാങ്കിനു സമീപം എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട്. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ എതിര്‍ദിശാ ട്രാക്കിലൂടെ സഞ്ചരിക്കുന്നതാണ് ഇവിടെ അപകടത്തിന് കാരണമാകുന്നത്. തിരക്കുള്ള സമയങ്ങളില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് റോഡ് തകര്‍ന്നിട്ടുമുണ്ട്. ഓടകളുടെ അശാസ്ത്രീയ നിര്‍മാണമാണ് ഇവിടങ്ങളില്‍ വെള്ളക്കെട്ടിന് കാരണമാകുന്നത്. മൂഴിക്കലിലെ വെള്ളക്കെട്ടിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ദേശീയപാത അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴക്കാലത്തിനു മുന്‍പായി അഴുക്കുചാല്‍ ശുചീകരിക്കാറുമില്ല. റോഡിനു കുറുകെ കലുങ്ക് നിര്‍മിക്കാതെ വെള്ളക്കെട്ടിനു പരിഹാരമാകില്ലെന്നാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു. ഇവിടെ അപകടം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.
ചെലവൂരില്‍ ശാഫിക്ക് സമീപത്തെ അപകടകരമായ വളവിലാണ് വെള്ളക്കെട്ട്. ഇവിടെയുണ്ടായിരുന്ന അഴുക്കുചാല്‍ മണ്ണിട്ട് മൂടിയതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. സ്ഥിരം അപകടമേഖലയായ ഇവിടെ കഴിഞ്ഞ തവണ പുഴയില്‍ നിന്ന് വെള്ളം കയറിയിരുന്നു.
ഇടതുഭാഗത്തെ വെള്ളക്കെട്ട് കാരണം കോഴിക്കോട്ടേക്കുള്ള വാഹനങ്ങള്‍ എതിര്‍ദിശയിലൂടെയാണ് പോകുന്നത്. വളവും ഇറക്കവും കാരണം എതിരെ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഇതു ശ്രദ്ധയില്‍പ്പെടാത്തത് അപകടത്തിന് ഇടയാക്കും.
കാരന്തൂരില്‍ സഹകരണ ബാങ്കിന് സമീപത്തെ റോഡിലെ വെള്ളക്കെട്ടിന് കാരണം അഴുക്കുചാല്‍ മണ്ണിട്ടു മൂടിയതാണ്. ദേശീയപാത അധികൃതര്‍ തന്നെയാണ് ഇവിടെ റോഡരികില്‍ ലോഡു കണക്കിന് മണ്ണ് ഇറക്കിയത്. മണ്ണ് നീക്കിയെങ്കിലും ഓടയിലെ മണ്ണ് നീക്കാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. വെള്ളക്കെട്ട് കാരണം കാല്‍നടയാത്രക്കാരും ദേശീയപാതയുടെ മധ്യത്തിലൂടെ നടക്കേണ്ട അവസ്ഥയാണ്. ദേശീയപാതയില്‍ സ്ഥിരം അപകടമേഖലയായ സ്ഥലങ്ങളില്‍ റോഡ് പൊട്ടിപൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ടതും അപകടക്കെണിയാകുന്നുണ്ട്.
നിരവധി സ്ഥലങ്ങളിലാണ് വലിയ കുഴികള്‍ രൂപപ്പെട്ടത്. ദേശീയപാതയില്‍ തെരുവു വിളക്കുകള്‍ കത്താത്തതിനാല്‍ രാത്രികാലങ്ങളില്‍ കനത്തമഴയില്‍ ചെറിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ബൈക്കുകളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."