പ്രളയത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചില്ല
കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ഇത്തവണ ദേവസ്വംബോര്‍ഡിന് ഏറെ പണിപ്പെടേണ്ടി വരും. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളാണു ദേവസ്വം ബോര്‍ഡിനെ ഏറെ പ്രയാസത്തിലാക്കിയത്. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ചര്‍ച്ചകളാണ് ദേവസ്വം ബോര്‍ഡില്‍ പുരോഗമിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് അക്കരെ കൊട്ടിയൂര്‍ സന്നിധിക്കു ചേര്‍ന്നുള്ള നടുകുനിയില്‍ ഉണ്ടായ നാശനഷ്ടങ്ങളാണു കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുന്നത്.
ഭക്തര്‍ക്കു വസ്ത്രം മാറുന്നതിനും മറ്റുമായി ഒരുക്കിയ ഷെഡുകളും കക്കൂസ് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഉത്സവസമയത്ത് നൂറുകണക്കിനു ഭക്തര്‍ തമ്പടിക്കാറുള്ള ഇടബാവലിയുടെ സമീപമുള്ള സ്ഥലങ്ങളെല്ലാം തന്നെ മഴവെള്ളപ്പാച്ചിലില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ട അവസ്ഥയിലാണ്. ഭക്തര്‍ക്ക് അക്കരെ കൊട്ടിയൂരില്‍ എത്താനുള്ള നടുക്കുനിയിലെ പാലത്തിന്റെ ഒരുഭാഗവും മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നിട്ടുണ്ട്.
കിഴക്കേനടയിലെ നടപ്പാലത്തിന്റെ സ്ലാബുകള്‍ ഒരുവശത്തേക്ക് ചെരിഞ്ഞ നിലയിലുമാണ്. അക്കരെ കൊട്ടിയൂര്‍ സന്നിധിയിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 21നു വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം കഴിയുന്നതോടെ വൈശാഖ മഹോത്സവത്തിന് തിയതികള്‍ കുറിക്കപ്പെടും.
ഇതിനിടയിലുള്ള ഏതാനും ദിവസങ്ങള്‍ മാത്രമാണ് അക്കരെ കൊട്ടിയൂരില്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാന്‍ സമയം ലഭിക്കുക. ഇക്കാലയളവില്‍ പുതിയപാലം നിര്‍മിക്കാനുള്ള സാധ്യതകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ മറ്റു വഴികള്‍ ആലോചിക്കേണ്ട സാഹചര്യത്തിലാണു കൊട്ടിയൂര്‍ ദേവസ്വം അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."