ശക്തിപ്രകടിപ്പിച്ച് ഇരു കൊറിയകളും; ആശങ്കയോടെ ലോകം
സിയൂള്‍: കൊറിയന്‍ തീരത്ത് യുദ്ധം ആസന്നമെന്ന സൂചനകളുമായി ഇരു കൊറിയകളുടേയും വന്‍ സൈനിക അഭ്യാസം. ആണവശേഷിയുള്ള യു.എസ് മുങ്ങിക്കപ്പല്‍ യു.എസ്.എസ് മിഷിഗണ്‍ ദ.കൊറിയന്‍ കടലില്‍ എത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയന്‍ കരസേനയുടെ സൈനികാഭ്യാസം. ഇതിന്റെ ചിത്രങ്ങള്‍ ഇന്നലെ ഉത്തര കൊറിയ പുറത്തുവിട്ടു. ഉത്തര കൊറിയയുടെ തീരത്ത് പീരങ്കിപ്പടയും കാലാള്‍പ്പടയും അഭ്യാസം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമേരിക്ക ആദ്യം ആക്രമണം നടത്തിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഉത്തര കൊറിയന്‍ ഭരണപക്ഷത്തിന്റെ മുഖപത്രം റോഡോങ് സിന്‍മന്‌ന റിപ്പോര്‍ട്ട് ചെയ്തു.
ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസം ഉത്തര കൊറിയ നടത്തിയതായി ദ.കൊറിയന്‍ വാര്‍ത്താ ഏജന്‍സി യൊന്‍ഹാപ് സ്ഥിരീകരിച്ചു. പേരുവെളിപ്പെടുത്താത്ത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് യൊന്‍ഹാപ്പിന്റെ റിപ്പോര്‍ട്ട്. ഉ.കൊറിയയിലെ കിഴക്കന്‍ തുറമുഖ നഗരമായ വൊന്‍സാനിലാണ് സൈനിക അഭ്യാസം നടന്നത്. കിം ജോങ് ഉന്‍ അഭ്യാസം നേരില്‍ കണ്ടു വിലയിരുത്തി. 300 നും 400 നും ഇടയിലുള്ള പീരങ്കികളാണ് സൈനിക അഭ്യാസത്തിന് ഉപയോഗിച്ചത്.
ഉത്തര കൊറിയയുടെ സൈനിക വിഭാഗമായ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ 85ാം വാര്‍ഷികം ചൊവ്വാഴ്ച നടന്നിരുന്നു. അന്നാണ് ഉത്തര കൊറിയ ചരിത്രത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന സൈനിക അഭ്യാസം നടത്തിയത്.
അതേസമയം, ദക്ഷിണ കൊറിയയും യു.എസ് സൈന്യവുമായി ചേര്‍ന്ന് വന്‍ സൈനികാഭ്യാസം നടത്തി. യു.എസ് യുദ്ധവിമാനങ്ങളും അഭ്യാസത്തില്‍ പങ്കെടുത്തു. ചൊവ്വാഴ്ച ഉത്തര കൊറിയ ആറാമത്തെ ആണവ പരീക്ഷണം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത്തരം സംഭവങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ദ.കൊറിയന്‍ സൈന്യം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."