സര്‍ക്കാരിനെതിരേ വ്യാജവാര്‍ത്ത സൃഷ്ടിച്ചാല്‍ നടപടി
തിരുവനന്തപുരം: സര്‍ക്കാരിനെതിരേ വ്യാജ വാര്‍ത്ത സൃഷ്ടിച്ചാല്‍ വിവരമറിയും. കൊവിഡ് സംബന്ധമായ വ്യാജവാര്‍ത്തകള്‍, സന്ദേശങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ മാത്രമായി തുടങ്ങിയ പി.ആര്‍.ഡി. ഫാക്ട് ചെക്ക് വിഭാഗം ഇനിമുതല്‍ സര്‍ക്കാരിനെയും പൊതുജനങ്ങളെയും ബാധിക്കുന്ന വ്യാജവാര്‍ത്തകള്‍, സന്ദേശങ്ങള്‍ എന്നിവയും പരിശോധിച്ച് നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് ഫാക്ട് ചെക്ക് വിഭാഗത്തിന്റെ ഘടനയും പ്രവര്‍ത്തനവും വിപുലീകരിച്ചു. ഏപ്രില്‍ ആറിനാണ് ഫാക്ട് ചെക്ക് വിഭാഗം പ്രവര്‍ത്തനം തുടങ്ങിയത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി അധ്യക്ഷനും, ഡയറക്ടര്‍ യു.വി ജോസ് കണ്‍വീനറും, മുഖ്യമന്ത്രിയുടെ സെക്രട്ടറി മിര്‍ മുഹമ്മദ് അലി അഡൈ്വസറും പ്രധാനപ്പെട്ട വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന മാധ്യമ എഡിറ്റര്‍മാര്‍, സൈബര്‍സുരക്ഷ, ഫാക്ട് ചെക്ക് വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഗവേണിങ് കൗണ്‍സിലാണ് നിലവില്‍ ഇവ പരിശോധിച്ചിരുന്നത്. പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റിലെ ഫാക്ട് ചെക്ക് വിഭാഗത്തിന് പുറമെ, സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഫാക്ട് ചെക്ക് സെല്ലുകളും രൂപീകരിക്കും.
പൊതുജനങ്ങള്‍ ഫാക്ട് ചെക്ക് വിഭാഗത്തിന് വാട്‌സാപ്പിലൂടെ കൈമാറിയ 1,635 സംശയകരമായ സന്ദേശങ്ങള്‍, വാര്‍ത്തകള്‍ എന്നിവയില്‍ 1,586 എണ്ണത്തിന് മറുപടി നല്‍കി. 49 എണ്ണം ഫാക്ട്‌ചെക്ക് വിഭാഗം നിജസ്ഥിതി കണ്ടെത്തി ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചു. ഗൗരവമുള്ള 12 എണ്ണം സൈബര്‍ഡോമിന് കൈമാറിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."