തെളിവെടുപ്പിനായി പ്രതികളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി
കോവളം: കോളിയൂര്‍ കൊലപാതകക്കേസില്‍ തെളിവെടുപ്പിനായി പ്രതികളെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി.
കേസിലെ പ്രതികളായ വട്ടപ്പാറ സ്വദേശി കൊലുസു ബിനു എന്ന അനില്‍കുമാര്‍, തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി ചന്ദ്രന്‍ എന്നിവരുമായാണ് ഫോര്‍ട്ട് എ.സി.സുധാകര പിള്ള, വിഴിഞ്ഞം സി.ഐ ന്യൂമാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രിയോടെ തമിഴ്‌നാട്ടിലേക്കു പോയത്. കൊലപാതകത്തിന് ശേഷം ഒന്നാം പ്രതി ബിനു ഒളിവില്‍ താമസിച്ച തിരുനല്‍വേലിയില്‍ വീട് രണ്ടാം പ്രതി ചന്ദ്രന്‍ താമസിച്ച വെല്ലൂരിലെ വീട് എന്നിവിടങ്ങളില്‍ ഉള്‍പ്പടെ തെളിവെടുപ്പ് നടത്തും.ഇരുവര്‍ക്കുമെതിരെ ഇവിടങ്ങളില്‍ എന്തെങ്കിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യവും സംഘം പരിശോധിക്കും .
കൂടാതെ കൊല്ലപ്പെട്ട മര്യദാസിന്റെ ഭാര്യയുടെ കഴുത്തില്‍ ഉണ്ടായിരുന്ന മൂന്നര പവന്റെ മാല പ്രതികള്‍ കവര്‍ന്നിരുന്നു. ഇത് പിന്നീട് ഒന്നാം പ്രതി ബിനുവിന്റെ ഭാര്യ അമ്മുക്കുട്ടി വഴി തിരുനെല്‍വേലിയില്‍ ഒരു ജൂവലറിയില്‍ കൊടുത്ത് മാറ്റി വാങ്ങി എന്നാണു പ്രതികള്‍ പറഞ്ഞിരിക്കൂനത്. ഇവിടെ നിന്ന് ഈ മാലയും കണ്ടെടുക്കും.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍കോളേജില്‍ ചികിത്സയിലുള്ള മര്യദാസന്റെ ഭാര്യ ഷീജയുടെ മൊഴിയെടുക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. തലയ്ക്ക് പരുക്കേറ്റത്തിനാല്‍ ഷീജയ്ക്ക് പഴയ കാര്യങ്ങളൊന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലായെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ബന്ധുകള്‍ പറഞ്ഞു. ഇവരെ വെന്റിലേറ്ററില്‍ നിന്നും വാര്‍ഡിലേക്കു മാറ്റിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഷീജയാണ് സംഭവത്തിന്റെ പ്രധാന സാക്ഷി . ഷീജയുടെ മൊഴി നിര്‍ണായകമാണെന്ന് പൊലിസ് പറഞ്ഞു. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് പ്രതികളെ പൊലീസിന് പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചത്. തെളിവെടുപ്പ് കഴിഞ്ഞു കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ തമിഴ്‌നാട് പൊലീസ് അപേക്ഷ നല്‍കും. മര്യദാസ് കൊലപാതകത്തിന് സമാനമായി തിരുനല്‍വേലിയില്‍ നടന്ന മറ്റൊരു കൊലപാതകവുമായി ബന്ധപ്പെട്ടാകും തമിഴ്‌നാട് പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഇക്കഴിഞ്ഞ ആറാം തീയതിയാണ് കോളിയൂര്‍ ചാനല്‍ക്കാര ചരുവിള പുത്തന്‍ വീട്ടില്‍ മര്യദാസനെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മര്യദാസാന്റെ ഭാര്യ ഷീജയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."