മണ്ണാര്‍മലയിലെ ക്രഷറിനെതിരേ ജില്ലാ കലക്ടര്‍ക്ക് പരാതി
വെട്ടത്തൂര്‍: പഞ്ചായത്തിലെ മണ്ണാര്‍മല മാട് പ്രദേശത്ത് ക്രഷര്‍ ഖനന കേന്ദ്രത്തിന് അനുമതി നല്‍കിയാല്‍ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് കാണിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. സംസ്ഥാന ദുരന്തനിവാരണ സെല്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായി പ്രഖ്യാപിച്ച ഇവിടെ നിലവില്‍ കനത്തമഴയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആദിവാസി കുടുംബങ്ങളെ ഉള്‍പ്പടെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. മാത്രമല്ല, മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചിതറിത്തെറിച്ച കൂറ്റന്‍ പാറക്കല്ലുകള്‍ മലാഞ്ചെരുവുകളില്‍ നിന്നും ജനവാസ മേഖലയിലേക്ക് ഏതുനിമിഷവും നിലംപതിക്കുമെന്ന മട്ടില്‍ അപകടഭീഷണിയുമുയര്‍ത്തുകയാണ്. ഇവിടെ ക്രഷര്‍ കൂടി തുടങ്ങിയാല്‍ വീണ്ടും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാനും അതുവഴി ആളപായംവരെ സംഭവിക്കാനും സാധ്യതയേറെയാണെന്നും കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുമ്പോഴും ക്രഷര്‍ തുടങ്ങുന്നതിനെതിരെ കഴിഞ്ഞ ദിവസം 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഉള്‍പ്പെടേയാണ് ജില്ലാ കളക്ടര്‍ അമിത്മീണയ്ക്ക് നാട്ടുകാര്‍ പരാതി നല്‍കിയത്.
മണ്ണാര്‍മല കൈപ്പള്ളിക്കര നിവാസികളായ അറബി നാസര്‍, തോരപ്പ കുഞ്ഞാണി, കൈപ്പള്ളി അബ്ദുല്‍ ഖാദര്‍, കുറുപ്പത്ത് അസൈനാര്‍, തോരപ്പ മാനു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."