ഇന്റേണല്‍ അസസ്‌മെന്റ് കോളജുകള്‍ക്ക് അകത്തും പുറത്തും ഓഡിറ്റിങ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ അസസ്‌മെന്റിന്റെ പേരിലുള്ള വിദ്യാര്‍ഥി പീഡനം അവസാനിപ്പിക്കാന്‍ കോളജുകള്‍ക്ക് അകത്തും പുറത്തും ഓഡിറ്റിങ് നടത്താനും പരാതികള്‍ കേള്‍ക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്നും ശുപാര്‍ശ.
ഇന്റേണല്‍ അസസ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ചെയര്‍മാനായ സമിതിയാണ് ഇന്നലെ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
വിദ്യാര്‍ഥികളെ ആഭ്യന്തരമായി വിലയിരുത്തുമ്പോള്‍ മനപൂര്‍വമോ അല്ലാതെയോ ഉള്ള വീഴ്ചകളും പരാതികളും ഒഴിവാക്കാന്‍ അക്കാദമിക് ഓഡിറ്റിങ്, സുതാര്യത, പരാതിപരിഹാര സംവിധാനം,സമ്മര്‍ കോഴ്‌സ് എന്നീ നാല് നടപടികളാണ് സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്.
അക്കാദമിക് ഓഡിറ്റിങില്‍ കോളജ് തലത്തിലുള്ള ഇന്റേണല്‍ ഓഡിറ്റ് സെല്ലും സര്‍വകലാശാലാ തലത്തിലുള്ള എക്‌സ്റ്റേണല്‍ ഓഡിറ്റിങും വിഭാവനം ചെയ്തിട്ടുണ്ട്. കോളജിലെ ഓരോ വകുപ്പില്‍ നിന്ന് ഒരു പ്രൊഫസര്‍ അസോ. പ്രൊഫസര്‍ വീതം ഉള്‍ക്കൊള്ളുന്ന ഇന്റേണല്‍ ഓഡിറ്റ് സെല്‍ സര്‍വകലാശാലകളില്‍ നിന്നുള്ള എക്‌സ്റ്റേണല്‍ ഓഡിറ്റര്‍ ആവശ്യപ്പെടുന്ന രേഖകളും റെക്കോര്‍ഡുകളും ഹാജരാക്കണം. സുതാര്യത കൈവരുത്താനായി കോളജുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെബ് അധിഷ്ഠിത സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
ഇന്റേണല്‍ അസസ്‌മെന്റ സംബന്ധിച്ച മാര്‍ക്കുകള്‍, വിദ്യാര്‍ഥികളുടെ ദൈനംദിന ഹാജര്‍ തുടങ്ങിയ വിവരങ്ങള്‍ ഈ സംവിധാനത്തിലൂടെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിരീക്ഷിക്കാന്‍ കഴിയും. ദ്വിതല ഓംബുഡ്‌സ്മാന്‍ സംവിധാനമാണ് പരാതി പരിഹാരത്തിനായി സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്.
കോളജ്, സര്‍വകലാശാലാ തലങ്ങളില്‍ നിയമിക്കപ്പെടുന്ന ഓംബുഡ്‌സ്മാന് പരാതികളില്‍ തെളിവെടുപ്പ് നടത്തി നടപടികള്‍ സ്വീകരിക്കുന്നതിന് അധികാരമുണ്ടായിരിക്കും.
ഇന്റേണല്‍ മാര്‍ക്കുകള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഹാജര്‍ നേടുന്നതിനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കാന്‍ സമ്മര്‍ കോഴ്‌സുകള്‍ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വൈസ് ചാന്‍സലര്‍മാരായ ഡോ. കുഞ്ചെറിയ പി. ഐസക് (സാങ്കേതികം), ഡോ. എം.കെ.സി നായര്‍ (ആരോഗ്യം), ഡോ.കെ മുഹമ്മദ് ബഷീര്‍ (കലിക്കറ്റ്) എന്നീ സമിതി അംഗങ്ങളും പങ്കെടുത്തു.
വൈസ് ചാന്‍സലര്‍മാരുടെ സമിതി സമര്‍പ്പിച്ച ശുപാര്‍കള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ദിനേശന്‍ കമ്മിഷന് കൈമാറുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
കമ്മിഷന്‍ റിപ്പോര്‍ട്ട് കൂടി ലഭ്യമായാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."