നാട്ടിലിറങ്ങുന്ന കൊമ്പന്മാരെ കുടുക്കാന്‍ വനംവകുപ്പിന്റെ ക്യാമറകണ്ണുകളെത്തുന്നു
നിലവില്‍ തമിഴ്‌നാട്ടിലെ വനമേഖലകളില്‍ നിന്നും ശല്യക്കാരായ ആനകളെ വാളയാര്‍ കാട്ടിലൂടെ കേരളത്തിലേക്ക് തുരത്തുന്നതിനാലാണ് അടുത്തകാലത്തായി ജില്ലയുടെ പലഭാഗങ്ങളിലും ജനവാസ മേഖലകളില്‍ ആനശല്യം തുടര്‍ക്കഥയാവാന്‍ കാരണമായത്.
കഞ്ചിക്കോട്: ജില്ലയില്‍ കാലങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരമായി വനംവകുപ്പ് രംഗത്തിറങ്ങുന്നു. ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകളെ കുടുക്കാന്‍ ഇനി വനംവകുപ്പിന്റെ ക്യാമറകണ്ണുകള്‍ സജീവമാവുകയാണ്. കാലങ്ങളായി ജനവാസ മേഖലകളില്‍ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാട്ടുകൊമ്പന്‍മാരുടെ ശല്യത്തിനെതിരെ ജനരോക്ഷം ശക്തമായതോടെയാണ് വനംവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തുവരുന്നത്.
ഇതിന്റെ പ്രഥമഘട്ടമെന്നോണം കാടിറങ്ങുന്ന കൊമ്പന്മാരെക്കുറിച്ച് പഠനം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനുശേഷം കാട്ടാനകളെ എങ്ങിനെയൊക്കെ നേരിടാമെന്നതിനെക്കുറിച്ച് വനംവകുപ്പ് അധികൃതര്‍ പഠനം നടത്തും. പഠനത്തിന്റെ ഭാഗമായി വാളയാര്‍ റേഞ്ചിനു കീഴില്‍ സ്ഥിരമായി കാട്ടാനകളിറങ്ങുന്ന പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
കൊട്ടേക്കാട് സെക്ഷനില്‍പ്പെട്ട് ആറങ്ങോട്ടുകുളമ്പ്, പന്നിമട, പുതുശ്ശേരി സൗത്ത് സെക്ഷനു കീഴിലായി വേലഞ്ചേരി, പയറ്റുകാട്, വല്ലടി എന്നിവിടങ്ങളിലായിട്ടാണ് വനംവകുപ്പ് നാല്‍പതോളം ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ആനകളിറങ്ങുന്ന മേഖലകളില്‍ ക്യാമറകണ്ണുകള്‍ സജീവമാകുന്നതോടെ ഏറെ ശല്യക്കാരായ കൊമ്പന്മാരെ വേഗം തിരിച്ചറിയാനും കഴിയും.
നിലവില്‍ തമിഴ്‌നാട്ടിലെ വനമേഖലകളില്‍ നിന്നും ശല്യക്കാരായ ആനകളെ വാളയാര്‍ കാട്ടിലൂടെ കേരളത്തിലേക്ക് തുരത്തുന്നതിനാലാണ് അടുത്തകാലത്തായി ജില്ലയുടെ പലഭാഗങ്ങളിലും ജനവാസ മേഖലകളില്‍ ആനശല്യം തുടര്‍ക്കഥയാവാന്‍ കാരണമായത്. സംസ്ഥാനത്തെ കാടുകളിലെ ആനകള്‍ കാടിറങ്ങിയാല്‍ തന്നെ അക്രമസ്വഭാവം കാണിക്കില്ലെന്നാണ് വനംവകുപ്പിന്റെ അഭിപ്രായം.
തമിഴ്‌നാട്ടില്‍ നിന്നിറങ്ങിയ ആനകളായതിനാലാണ് കാട്ടിലേക്ക് കയറ്റിയാലും ഉടന്‍തന്നെ വീണ്ടും അതേ പാതയിലൂടെ ജനവാസമേഖലകളിലേക്കെത്തുന്നത്. ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതിയെത്തുമ്പോഴും കാട്ടാനകളെ പിടികൂടുന്നതിനുള്ള സാങ്കേതിക നിയമതടസ്സങ്ങള്‍ വനംവകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്.
ഏതായാലും വനത്തിനകത്തെ സൗരോര്‍ജ്ജമേഖലകളും, കിടങ്ങും, ഗ്ലിറ്റര്‍ലൈറ്റുകളുമൊക്കെ പഴങ്കഥകളാക്കി വനംവകുപ്പിന്റെ ക്യാമറകണ്ണുകള്‍ എത്തുന്നതോടെ ജനവാസമേഖലകളിലെ ആനശല്യം ഇനി ഓര്‍മയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."