ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണം ബി.ജെ.പി നിലനിര്‍ത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളിലെയും ഭരണം ബി.ജെ.പി നിലനിര്‍ത്തി. മൂന്ന് കോര്‍പറേഷനുകളിലായി 272 സീറ്റുകളില്‍ 270 എണ്ണത്തിലേക്കാണ് മത്സരം നടന്നത്. ഇതില്‍ 181 സീറ്റുകളില്‍ വിജയിച്ചാണ് ബി.ജെ.പി ഭരണം നിലനിര്‍ത്തിയത്. 48 വാര്‍ഡുകളില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. 30 വാര്‍ഡുകളില്‍ കോണ്‍ഗ്രസും രണ്ടിടത്ത് ബി.എസ്.പി അംഗങ്ങളും വിജയിച്ചു. ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന്റെ ഒരംഗവും വിജയിച്ചുട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബി.ജെ.പി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണ കൈയ്യാളുന്നത്.
ഡല്‍ഹി നോര്‍ത്ത് കോര്‍പറേഷനില്‍ 103 സീറ്റുകളില്‍ 64 എണ്ണം നേടി ബി.ജെ.പി വിജയിച്ചു. എ.എ.പി 21ലും കോണ്‍ഗ്രസ് 15 സീറ്റിലും വിജയിച്ചു. സൗത്ത് ഡല്‍ഹിയിലെ 104 സീറ്റുകളില്‍ 70 എണ്ണം ബി.ജെ.പി നേടിയപ്പോള്‍ 16 സീറ്റില്‍ എ.എ.പിയും 12 സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. ഈസ്റ്റ് ഡല്‍ഹി കോര്‍പറേഷനിലെ 63 സീറ്റില്‍ 47 എണ്ണമാണ് ബി.ജെ.പി നേടിയത്. 11 സീറ്റില്‍ എ.എ.പിയും മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും നേടി. അതേസമയം, തെരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുത്ത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്മാക്കനും ഡല്‍ഹിയിലെ പാര്‍ട്ടിയുടെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് പി.സി ചാക്കോയും രാജിവച്ചു. ഇരുവരും ദേശീയ നേതൃത്വത്തിന് രാജിക്കത്ത് കൈമാറി.
നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രകടനം മെച്ചപ്പെട്ടതാണെങ്കിലും ഉദ്ദേശിച്ച വിജയം ലഭിച്ചില്ലെന്ന് രാജി പ്രഖ്യാപനത്തിന് ശേഷം അജയ് മാക്കന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.എ.പി സംസ്ഥാന കണ്‍വീനര്‍ ദിലീപ് കെ പാണ്ഡെയും രാജിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."