ടി.വി റിപ്പോര്‍ട്ടറുടെ കഴുത്തില്‍ കാന്‍സര്‍ വളരുന്നത് ചൂണ്ടിക്കാട്ടി കാഴ്ചക്കാരി
ഫ്‌ലോറിഡ: റിപ്പോര്‍ട്ടറുടെ കഴുത്തില്‍ കാന്‍സര്‍ വളരുന്നത് ടി.വിയില്‍ കണ്ട കാഴ്ചക്കാരി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ചികിത്സ തുടങ്ങി. ഫ്‌ലോറിഡയിലെ ഡബ്ല്യു.എഫ്.എല്‍.എ റിപ്പോര്‍ട്ടര്‍ വിക്ടോറിയ പ്രൈസിനാണ് 'താങ്കളുടെ കഴുത്തില്‍ കാന്‍സര്‍ വളരുന്നുണ്ടോയെന്ന' സംശയമുന്നയിച്ചുള്ള മെയില്‍ സന്ദേശമെത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട റിപ്പോര്‍ട്ടര്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും ചെയ്തു. തിങ്കളാഴ്ച ട്യൂമര്‍ നീക്കാനുള്ള സര്‍ജറിക്കൊരുങ്ങുകയാണ് വിക്ടോറിയ.
മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്ക് കൊറോണ സമയം ആയതിനാല്‍ ഏറെ തിരക്കിലായിരുന്നു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആരോഗ്യസംബന്ധിയായ വാര്‍ത്തയാണ് ഞങ്ങള്‍ കവര്‍ ചെയ്തിരുന്നത്. എന്നാല്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാനായില്ലെന്നും വിക്ടോറിയ ട്വിറ്ററില്‍ കുറിച്ചു.
ആ മെയില്‍ ലഭിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ ഒരിക്കലും ഡോക്ടറെ കാണില്ലായിരുന്നുവെന്നും വിക്ടോറിയ പറഞ്ഞു. തന്റെ നന്ദിയും കടപ്പാടും അജ്ഞാതയായ ആ സ്ത്രീയോടുണ്ടെന്നും വിക്ടോറിയ പറഞ്ഞു.
തൈറോയിഡ് കാന്‍സറാണ് തന്നെ ബാധിച്ചതെന്നും പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് തൈറോയിഡ് കാന്‍സര്‍ ബാധിക്കുന്നതെന്നും വിക്ടോറിയ പറഞ്ഞു. ഈ വര്‍ഷം യു.എസില്‍ കണ്ടെത്തിയ തൈറോയിഡ് കാന്‍സറില്‍ 75 ശതമാനവും സ്ത്രീകള്‍ക്കാണെന്നും വിക്ടോറിയ പറഞ്ഞു.
അതുകൊണ്ട് സ്ത്രീകളേ, നിങ്ങളുടെ കഴുത്ത് പരിശോധിക്കുക എന്ന സന്ദേശവും വിക്ടോറിയ നല്‍കുന്നു.
ഇതാദ്യമായല്ല, ടി.വി കാണുന്ന ഒരാള്‍ അവതാരകര്‍ക്ക് ആരോഗ്യ ഉപദേശം നല്‍കുന്നത്. 2018 ല്‍ മൂന്‍ ലിവര്‍പൂള്‍ താരം മാര്‍ക്ക് ലോറന്‍സണെ ടി.വിയില്‍ കണ്ട ഒരു ഡോക്ടറാണ് കാന്‍സറുണ്ടോയെന്ന സംശയം പ്രകടിപ്പിക്കുകയും അറിയിക്കുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."