HOME
DETAILS
MAL
തുര്‍ക്കി ഉല്‍പന്നങ്ങള്‍ക്ക് സഊദിയില്‍ വിലക്ക്
backup
July 26 2020 | 03:07 AM
അങ്കാറ: സഊദിയും തുര്‍ക്കിയും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെ തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ നിര്‍ദേശം നല്‍കി സഊദി. തുര്‍ക്കിയുമായുള്ള വ്യാപാരബന്ധം ഒഴിവാക്കാന്‍ സഊദി അധികൃതര്‍ രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. തുര്‍ക്കി നിര്‍മിതമായ എല്ലാ ഉല്‍പന്നത്തിനും സഊദി അനൗദ്യോഗിക വിലക്കേര്‍പ്പെടുത്തുകയാണെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. സഊദിയിലെ കമ്പനികളെ സര്‍ക്കാര്‍ തലത്തില്‍ നിന്നും നേരിട്ടു വിളിച്ചു തുര്‍ക്കി ഉല്‍പന്നങ്ങള്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെടുന്നുമുണ്ട്. ലംഘിക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് സഊദി മുന്നറിയിപ്പ് നല്‍കിയതായും തുര്‍ക്കി പത്രം ദുന്‍യാ റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കിയില്‍ നിന്നുള്ള പഴം, പച്ചക്കറി ട്രക്കുകള്‍ സഊദിയിലേക്ക് കടത്തുന്നില്ല. ഇതു സംബന്ധിച്ച് തുര്‍ക്കി വാണിജ്യമന്ത്രി സൗദി വാണിജ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം ലോക വാണിജ്യസംഘടനയുടെ നടപടികള്‍ മുന്നില്‍കണ്ട് സഊദി തുര്‍ക്കിക്കെതിരെയുള്ള ബഹിഷ്‌കരണം പരസ്യമാക്കുന്നില്ലെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. ഇതു സംബന്ധിച്ച് ആഗോള വാണിജ്യ സംഘടനയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് തുര്‍ക്കി.
സഊദിയില്‍ ജോലി ചെയ്യുന്ന തുര്‍ക്കി പൗരന്മാരായ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള തൊഴില്‍ കരാര്‍ സഊദി പിന്‍വലിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സിറിയ-ലിബിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും എതിര്‍ ചേരികളിലാണ്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധവും ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവാനിടയാക്കി. കഴിഞ്ഞവര്‍ഷം രാസവസ്തുക്കളും ടെക്‌സ്‌റ്റൈല്‍ ഉല്‍പന്നങ്ങളുമായി വന്ന തുര്‍ക്കി ട്രക്കുകള്‍ സഊദി അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉസ്മാനിയാ എംപയര്‍ എന്നത് ഉസ്മാനിയാ ഒക്യുപ്പേഷന്‍ എന്നു മാറ്റുക വരെ ചെയ്തു സഊദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."