HOME
DETAILS
MAL
രാജസ്ഥാനിലെ പ്രതിസന്ധി ഗവര്‍ണര്‍ക്ക് സമ്മര്‍ദം
backup
July 26 2020 | 03:07 AM
ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ, ഭരണ പ്രതിസന്ധി മറ്റൊരു തലത്തിലേക്കു കടക്കുന്നു. അടിയന്തരമായി നിയമസഭ ചേരണമെന്നും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷം വീണ്ടും രംഗത്തെത്തിയപ്പോള്‍, സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കളും ഇന്നലെ ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കണ്ടു. ഇതോടെ, ഗവര്‍ണര്‍ക്കു മേല്‍ സമ്മര്‍ദമുണ്ടെന്നു വ്യക്തമാകുകയാണ്.
കഴിഞ്ഞ ദിവസം മന്ത്രിസഭ കൂടി തയാറാക്കിയ നിയമസഭാ സമ്മേളനത്തിന്റെ അജന്‍ഡയും മറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്നലെ ഗവര്‍ണര്‍ക്കു കൈമാറിയതായാണ് വിവരം. നിയമസഭാ സമ്മേളനം വിളിക്കണമെന്നു നേരത്തെയും ഭരണപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇതിനു തയാറായിരുന്നില്ല. ഇതിനു പിന്നാലെ ഗവര്‍ണര്‍ക്കു മുകളില്‍നിന്നു സമ്മര്‍ദമുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം എം.എല്‍.എമാരുമായി രാജ്ഭവനിലെത്തി മുഖ്യമന്ത്രി മണിക്കൂറുകളോളം പ്രതിഷേധിച്ചതോടെ സഭാസമ്മേളനം വിളിക്കുന്നതിന് പുതിയ അപേക്ഷ നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ നല്‍കിയ അപേക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെയാണ് അടിയന്തിരമായി മന്ത്രിസഭ കൂടി പുതിയ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നാണ് ഗവര്‍ണറോട് ബി.ജെ.പി പരാതിപ്പെട്ടിരിക്കുന്നത്. നിലവില്‍ കൊവിഡ് പ്രതിരോധത്തിലാണ് ശ്രദ്ധേകേന്ദ്രീകരിക്കേണ്ടതെന്നാണ് ബി.ജെ.പി നിലപാടെടുത്തിരിക്കുന്നത്.
അതേസമയം, പ്രശ്‌നത്തില്‍ വേണമെങ്കില്‍ രാഷ്ട്രപതിയെ കാണുമെന്നും പ്രധാനമന്ത്രിയുടെ വസതിക്കു മുന്‍പില്‍ സമരം നടത്തുമെന്നും അശോക് ഗെലോട്ടും ജനാധിപത്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലെയും വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കാനും ശ്രമിക്കുന്ന ബി.ജെ.പിക്കെതിരേ ഇന്നു രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ കാംപയിന്‍. സ്പീക്ക് അപ് ഫോര്‍ ഡെമോക്രസി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇന്നു കാംപയിന്‍ നടക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കു കീഴില്‍ എല്ലാ രാജ്ഭവനുകള്‍ക്കു മുന്‍പിലും നാളെ പ്രതിഷേധങ്ങളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."