തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍: ഏഴ് ഷട്ടറുകള്‍ തകരാറില്‍
കൂറ്റനാട്: കനത്ത മഴയില്‍ തൃത്താല വെള്ളിയാങ്കല്ല് ജല സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ പൊക്കാന്‍ കഴിയാതെ ഏഴു ഷട്ടര്‍. ആകെ 27 ഷട്ടറുകളാണ് വെള്ളിയങ്കല്ല് റഗുലേറ്ററിനുള്ളത്. ഇതില്‍19 ഷട്ടറുകള്‍ മാത്രമാണ് തുറക്കാന്‍ കഴിഞ്ഞത്. ഒരെണ്ണം ഭാഗികമായി ഉയര്‍ത്തി. ശേഷിക്കുന്ന ഏഴു ഷട്ടറുകള്‍ തീരെ പൊക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്.
2007 ല്‍ ഷട്ടര്‍ പൊക്കാന്‍ കഴിയാത്തതുകൊണ്ട് നിള കരകവിഞ്ഞൊഴുകി നാശം വിതച്ചിരുന്നു. ശക്തമായ ഒഴുക്കും സംഭരണിയിലെ ജലത്തിന്റെ മര്‍ദ്ദവും മൂലം ഏറെ പണിപ്പെട്ടാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. മോട്ടോര്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ കഴിയാതായപ്പോള്‍ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് വടവും മറ്റുമുപയോഗിച്ചാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥിരം ജീവനക്കാര്‍ ഇല്ലാത്തതും സെക്ഷന്‍ ഓഫിസ് ഇല്ലാത്തതും തടയണയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങു തടിയാവുന്നുണ്ട്. മലപ്പുറം ജില്ലയിലെ ചമ്രവട്ടത്താണ് വെള്ളിയാങ്കല്ലിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ തൃത്താലയില്‍ ഓഫിസ് ഉണ്ടായിരുന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ മാറ്റുകയായിരുന്നു. റഗുലേറ്ററുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യങ്ങള്‍ക്ക് ചമ്രവട്ടത്തുനിന്നും ആള് വരേണ്ട അവസ്ഥയാണ് ഇപ്പോള്‍. തൃത്താലയില്‍ ഒരു സെക്ഷന്‍ ഓഫിസ് വീണ്ടും അനുവദിച്ചാല്‍ റഗുലേറ്ററിന് അസിസ്റ്റന്റ് എന്‍ജിനീയറുടെ മേല്‍ നോട്ടമുണ്ടാകാനും കുറെ കൂടി കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും കഴിയും.
യഥാസമയം അറ്റകുറ്റപ്പണി നടത്താന്‍ ചെറുകിട ജലസേചന വിഭാഗം തുക വകയിരുത്താത്തതും വൈതരണിയാണ്. പാവറട്ടി, ഗുരുവായൂര്‍, തൃത്താല തുടങ്ങിയ നിരവധി പ്രദേശങ്ങളിലേക്ക് കുടിവെള്ളത്തിനും കാര്‍ഷിക ജലസേചനത്തിനും തൃത്താല വെള്ളിയാങ്കല്ലിലെ ജലസംഭരണി യെയാണ് ആശ്രയിക്കുന്നത്. ഷട്ടര്‍ ഉയര്‍ത്താന്‍ കഴിയാത്ത വിഷയം ജലവിഭവ വകുപ്പുമന്ത്രിയുടെ ശ്രദ്ധയിലുള്‍പ്പെടുത്തി പരിഹരിക്കുമെന്ന് വി.ടി.ബല്‍റാം എം.എല്‍.എ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."