മാധ്യമ സ്വാതന്ത്ര്യം തടയരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
കൊല്ലം: മാധ്യമ സ്വാതന്ത്ര്യത്തെ തടയുന്നത് ജനങ്ങളെ ഭയപ്പെടുത്തുന്നതിനുവേണ്ടിയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സ്വകാര്യ വാര്‍ത്താ ചാനലിലെ വാര്‍ത്താ അവതാരകനെതിരേ കേസെടുത്തത് ഭരണകൂട ഭീകരതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ബാലകൃഷ്ണന് സ്മാരക പത്രപ്രവര്‍ത്തക സമിതി സംസ്ഥാന സമ്മേളനം കൊല്ലം പൊലിസ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഭരണകൂട ഭീകരത വന്നിരിക്കുന്നു എന്നത് ഖേദകരമാണ്.
ഭരിക്കുന്ന പാര്‍ട്ടി അവരുടെ പൊലിസിനെ ഉപയോഗിച്ച് എഴുത്തുകാരെ ഭീഷണിപ്പെടുത്തുകയാണ്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ദേശദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്ന സമയമാണിത്. ജനങ്ങള്‍ വിമര്‍ശിക്കുന്നത് സര്‍ക്കാരിനെ മാത്രമാണ്. രാജ്യത്ത് പരമാധികാരിക്ക് മാത്രമായി സ്വാതന്ത്ര്യം പരിമിതപ്പെട്ടിരിക്കുകയാണ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസുമല്ല വോട്ട് ചെയ്യുന്ന ജനങ്ങളാണ് പരമാധികാരികള്‍. നിയന്ത്രിത സ്വാതന്ത്ര്യം മാത്രമേ ഇപ്പോള്‍ വ്യക്തികള്ക്കുള്ളു.
സമൂഹത്തില്‍ നടക്കുന്നത് ജനങ്ങളിലെത്താന്‍ മാധ്യമങ്ങള്‍ അനിവാര്യമാണ്. സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.സുവര്‍ണ കുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീനി പട്ടത്താനം, ഡോ. ഷാജി പ്രഭാകരന്, എസ്.എം അബ്ദുല്‍ ഖാദര്‍, പ്രബോധ് എസ്. കണ്ടച്ചിറ, എ.അയ്യപ്പന് നായര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."