തീരം വീണ്ടും വറുതിയുടെ പിടിയില്‍
വിഴിഞ്ഞം: കലിയടങ്ങാത്ത കടലും ശക്തമായ ജാഗ്രതാ മുന്നറിയിപ്പുകളും വിഴിഞ്ഞത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഭീതിയിലാക്കിയതോടെ തൊഴിലാളികളും കുടുംബങ്ങളും വറുതിയുടെ പിടിയില്‍.
ട്രോളിങ് നിരോധനത്തോടെ ആരംഭിച്ച വിഴിഞ്ഞത്തെ മത്സ്യ ബന്ധന സീസണെ പ്രതീക്ഷയോടെ കാത്തിരുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് വറുതിയുടെ ആശങ്കയിലായിരിക്കുന്നത്. സാധാരണ ഗതിയില്‍ മത്സ്യബന്ധന സീസണ്‍ വിഴിഞ്ഞം തീരത്തിന് പകര്‍ന്നു നല്‍കുന്നത് ഉത്സവച്ഛായയാണ്.
പക്ഷെ ഇത്തവണ കടല്‍ കലിപ്പിലായതാണ് മത്സ്യതൊഴിലാളികളുടെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്.
പതിവില്ലാതെ ശക്തമായി ലഭിച്ച മഴയില്‍ ഇളകി മറിഞ്ഞ കടല്‍ ശാന്തമാകുമ്പോള്‍ വള്ളം നിറയെ മീന്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കാണ് ഒരാഴ്ചയായി തുടരുന്ന കടല്‍ക്കലി തിരിച്ചടിയായിരിക്കുന്നത്. കടല്‍ ക്ഷോഭത്തെ തുടര്‍ന്നുണ്ടായ ശക്തമായ തിരയടിയില്‍ പെട്ട് വള്ളങ്ങള്‍ മറിഞ്ഞ് രണ്ട് ജീവനുകള്‍ പൊലിഞ്ഞതും മറ്റ് നിരവധി പേര്‍ക്ക് പരുക്കേറ്റതും മത്സ്യ തൊഴിലാളികളുടെ പേടി വര്‍ധിപ്പിച്ചു. തീരത്ത് ആഞ്ഞടിക്കുന്ന ശക്തമായ തിരയടിയില്‍ നിരവധി വള്ളങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും തീരദേശപൊലിസിന്റെയും ബോട്ടുകള്‍ക്കും ആഞ്ഞടിച്ച തിരയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.
കടലമ്മ തങ്ങളെ ചതിക്കില്ലെന്ന പരമ്പരാഗതതൊഴിലാളികളുടെ മനോധൈര്യം നിരവധി പേരുടെ ജീവന്‍ കവര്‍ന്ന ഓഖി ചുഴലിക്കാറ്റ് നേരത്തെ തകര്‍ത്തെറിഞ്ഞിരുന്നു. തുടര്‍ന്നു വന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ മത്സ്യ ബന്ധനത്തെയും പ്രതികൂലമായി തന്നെ ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യ ബന്ധനം നടത്തവെ വീശിയടിച്ച കാറ്റിലും കോളിലും പെട്ടവര്‍ കിട്ടിയ മീനുമായി പെട്ടെന്ന് തീരമണഞ്ഞാണ് രക്ഷപ്പെട്ടത്. ഒഖിക്ക്‌ശേഷം വറുതിയിലായ തീരത്ത് സീസണ്‍ ആരംഭിച്ചതോടെ വള്ളമിറക്കിയവര്‍ വീശിയെടുത്തത് ചെറുമീനുകളെ മാത്രമായിരുന്നു. ഇതാകട്ടെ ജനത്തിന് വേണ്ടാത്തവയും.
ഇവയെല്ലാം ആന്ധ്രയിലെ ചെമ്മീന്‍ പാടങ്ങള്‍ക്കും തമിഴ്‌നാട്ടിലെ കോഴിഫാമുകള്‍ക്കുമായി കയറ്റി അയക്കുകയായിരുന്നു. വിലയില്ലാത്ത മത്സ്യങ്ങളും കലിയടങ്ങാത്ത കടലും വലിയ പ്രതീക്ഷയോടെ സീസണെ നോക്കികണ്ട മീന്‍ പിടിത്തക്കാര്‍ക്ക് ഇതുവരെ നല്‍കിയത് നഷ്ടക്കണക്കുകള്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."