കുടയത്തൂര്‍ മേഖലയില്‍ വട്ടിപ്പലിശ സംഘങ്ങള്‍ പിടിമുറുക്കുന്നു
കാഞ്ഞാര്‍: കുടയത്തൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചും വട്ടിപ്പലിശ സംഘങ്ങള്‍ പിടിമുറുക്കുന്നു. വട്ടിപ്പലിശക്കാരില്‍ നിന്നും അമിതമായ പലിശക്ക് പണം വായ്പ മേടിച്ച് കെണിയില്‍ അകപ്പെട്ട് നിരവധി കുടുംബങ്ങളാണ് വഴിയാധാരമാകാന്‍ പോകുന്നത്.
കമ്പം, തേനി, കുമളി, കോതമംഗലം, പെരുമ്പാവൂര്‍, കൂത്താട്ടുകുളം മേഖലകളില്‍ നിന്നുള്ള വട്ടിപ്പലിശക്കാരാണ് കുടയത്തൂരിലും സമീപ പ്രദേശങ്ങളിലുമുള്ള പാവപ്പെട്ട ആളുകളെ കെണിയില്‍പ്പെടുത്തിയിരിക്കുന്നത്. അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരേയും ആദ്യഘട്ടത്തില്‍ സംഘം ആവശ്യക്കാര്‍ക്ക് നല്‍കും. പണം വാങ്ങിയവര്‍ തിരികെ നല്‍കുന്നതിന്റെ വിശ്വാസ്യതക്ക് അനുസരിച്ച് പിന്നീട് ഒരു ലക്ഷം രൂപ വരെ നല്‍കും.
നല്‍കിയ പണം ഇടപാടുകാരില്‍ നിന്ന് ദിവസേന എന്ന രീതിയിലും ആഴ്ചയില്‍ എന്ന രീതിയിലുമാണ് തിരികെ വാങ്ങുന്നത്.പതിനായിരം രൂപക്ക് 2000- 2500 എന്ന രീതിയിലാണ് പലിശ ഈടാക്കുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, കൂലിപ്പണിക്കാര്‍, ഓട്ടോ -ടാക്‌സി തൊഴിലാളികള്‍ , കച്ചവടക്കാര്‍, സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ വട്ടിപ്പലിശക്കാരുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആദ്യം ചെറിയ തുകകളും പിന്നീട് വലിയ തുകകളും എടുത്ത് പലിശ സംഘങ്ങളില്‍ നിന്ന് ഊരിപ്പോകാന്‍ കഴിയാത്ത വിധം നിരവധി ആളുകളാണ് കുടുക്കില്‍ പെട്ടിരിക്കുന്നത്.
ഒരു കുടുംബത്തില്‍ തന്നെയുള്ള ഒന്നിലേറെ അംഗങ്ങള്‍ വട്ടിപ്പലിശ സംഘങ്ങളുടെ കെണിയില്‍പ്പെട്ടിട്ടുണ്ട്.പണത്തിന് അത്യാവശ്യം വരുമ്പോള്‍ യാതൊരു രേഖയും ഈട് വെക്കാതെ, നടപടിക്രമങ്ങള്‍ ഇല്ലാതെ പെട്ടെന്ന് പണം ലഭ്യമാവുന്നു എന്ന കാരണത്താലാണ് ആളുകള്‍ വട്ടിപ്പലിശക്കാരെ കൂടുതലായി ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."