ഓവുങ്ങലില്‍ ഹോട്ടല്‍ ഉടമയെ മര്‍ദിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
ചാവക്കാട്: ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ഹോട്ടലിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിന് ഓവുങ്ങലില്‍ ഹോട്ടലുടമയെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍.
ഓവുങ്ങല്‍ പോക്കാക്കില്ലത്ത് ഷാനിഫ്(ഷാനു 34), തിരുവത്ര കൊല്ലാമ്പി ഷെജീര്‍(30) എന്നിവരെയാണ് എസ്.ഐ ശശീന്ദ്രന് മേലയിലിന്റെ നേതൃത്വത്തില്‍ എസ്.ഐ നവീന്‍ ഷാജ്, സീനിയര്‍ സി.പി.ഒ സുധാകരന്, സി.പി.ഒമാരായ ഗീതുകൃഷ്ണന്‍,ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 10-ാം തിയതി ഉച്ചക്ക് 12ഓടെയാണ് സംഭവം. ചാവക്കാട് ഹോട്ടലില്‍ ഉടമകളിലൊരാളായ കയ്പമംഗലം മൂന്നുപീടിക സ്വദേശി ഏഴയടത്ത് വീട്ടില്‍ റിയാസിനാണ് (35) മര്‍ദനമേറ്റത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ഹോട്ടലിലേക്ക് പ്രതി ഷാനിഫ് ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. ഉച്ചനേരത്തെ തിരക്കിലായിരുന്നു ഹോട്ടല്‍ ഉടമയും ജീവനക്കാരും. പിന്നീട് വിളിച്ചപ്പോള്‍ റിയാസ് ഫോണ്‍ എടുത്തു. ആദ്യം വിളിച്ചപ്പോള്‍ എന്തുകൊണ്ട് ഫോണ്‍ എടുത്തില്ലെന്നു ചോദിച്ച് ഷാനിഫ് റിയാസിനെ അസഭ്യം പറയുകയും തുടര്‍ന്ന് ഷെജീറിനൊപ്പം ബൈക്കില്‍ ഹോട്ടലില്‍ എത്തി റിയാസിനെ മര്‍ദിക്കുകയുമായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് റിയാസിന്റെ മുഖത്തും നെഞ്ചിലും സാരമായി പരുക്കറ്റിരുന്നു. പ്രതികളെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."