കൊവിഡ്: വിഷാദത്താല്‍ പെരുകുന്ന ആത്മഹത്യകള്‍
കൊവിഡ് ബാധയെ തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന്‍ കൊവിഡ് പോസിറ്റീവായവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികവ്യഥയെക്കുറിച്ച് തന്റെ ബ്ലോഗില്‍ കഴിഞ്ഞ ദിവസം എഴുതുകയുണ്ടായി. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണദ്ദേഹം മനുഷ്യന്റെ ഒറ്റപ്പെടലിന്റെ തീവ്ര ദുഃഖം പകര്‍ത്തിയത്. മുപ്പതോളം വേലക്കാരുടെ പരിചരണത്തില്‍ എല്ലാ സുഖസൗകര്യങ്ങളോടെയും കഴിഞ്ഞുപോന്ന ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റിയാണ് നാനാവതി ആശുപത്രിയില്‍ താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏകാന്തതയെക്കുറിച്ച് പരിതപിക്കുന്നത്.
ഒറ്റപ്പെടലിന്റെ സമ്മര്‍ദം ലഘൂകരിക്കാന്‍ പാട്ടുപാടിയും പ്രാര്‍ഥിച്ചും കഴിയുകയാണ് അദ്ദേഹം. എല്ലാ സുഖസൗകര്യങ്ങളുമുള്ള ഒരു മനുഷ്യന്റെ ആത്മരോദനമാണിത്. അപ്പോള്‍ കൊവിഡ് ബാധിതനാകുന്ന സാധാരണക്കാരന്റെ മാനസികസംഘട്ടനം എത്ര വലുതായിരിക്കും. ഒരാള്‍ കൊവിഡ് ബാധിതനാണെന്ന് അറിഞ്ഞാല്‍ അയല്‍ക്കാരും നാട്ടുകാരും അയാളെ ആട്ടിയകറ്റാനും കല്ലെറിയാനുമാണ് തുനിയുന്നത്. സ്വന്തക്കാരും ബന്ധുക്കളും അവനില്‍നിന്ന് അകലുന്നു. കൊവിഡ് സുഖപ്പെട്ടാലും അകല്‍ച്ച അവസാനിക്കുന്നില്ല. പണ്ട് കുഷ്ഠരോഗികളോടായിരുന്നു ഇത്തരം സമീപനമുണ്ടായിരുന്നതെങ്കില്‍ ഇന്ന് കൊവിഡ് ബാധിതരോടായിരിക്കുന്നു.
പണ്ടെത്തേതിനെക്കാളും ആളുകള്‍ വിദ്യാസമ്പന്നരും പരിഷ്‌കൃതരുമായ ഒരു കാലഘട്ടം കൂടിയാണിത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പണ്ടത്തെ മനുഷ്യര്‍ക്കുണ്ടായിരുന്ന സഹാനുഭൂതിയും കാരുണ്യവും ഇന്നുള്ളവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സാക്ഷരരായ രാക്ഷസന്മാരായാണ് പുതിയ കാലത്തെ വിദ്യാസമ്പന്നരായ പരിഷ്‌കൃതരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡോ. സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ചത്. അത്തരം ചമയങ്ങളൊന്നും ഇല്ലാത്ത സാധാരണക്കാരും ഇന്നത്തെ കാലത്ത് വ്യത്യസ്തരല്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ ശവമടക്ക് സംബന്ധിച്ച് കോട്ടയത്തുണ്ടായ വിവാദം. നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നത് തടഞ്ഞത് സ്ഥലം കൗണ്‍സിലറും ബി.ജെ.പി നേതാവുമായ വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു. നാട്ടില്‍ നിത്യേനയെന്നോണം ഉണ്ടാകുന്ന ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്കും ഉണ്ടാക്കുന്ന മാനസിക പിരുമുറുക്കം എത്ര വലുതായിരിക്കും. പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്‌നേഹപരിലാളനകളില്‍ കഴിഞ്ഞിരുന്നവര്‍ ഒറ്റദിവസം കൊണ്ട് അന്യരാക്കപ്പെടുമ്പോള്‍, സാമൂഹിക ബഹിഷ്‌കരണം നേരിടേണ്ടിവരുമ്പോള്‍ ആത്മഹത്യകളില്‍ അഭയം തേടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.
2016ല്‍ കേരളത്തില്‍ ആത്മഹത്യാ നിരക്ക് ദേശീയ നിരക്കിനേക്കാള്‍ ഇരട്ടിയായിരുന്നു. കേരളത്തില്‍ അന്ന് പ്രതിദിനം 24 പേരായിരുന്നു ആത്മഹത്യ ചെയ്തിരുന്നതെങ്കില്‍ ഇന്ന് പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ടാകണം. 15നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും. ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ജൂലൈ പത്ത് വരെ കേരളത്തില്‍ 66 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. കൊവിഡ് കാലത്ത് വേണ്ടപ്പെട്ടവരില്‍ നിന്നുണ്ടായ തിരസ്‌ക്കാരം സഹിക്കവയ്യാതെയാണ് കുട്ടികളിലധികവും ആത്മഹത്യയില്‍ അഭയം തേടിയത്.
തിരിച്ചെത്തിയ പ്രവാസികളോടും ക്രൂരമായാണ് മലയാളികളില്‍ പലരും പെരുമാറിയത്. രോഗം കൊണ്ടുവരുന്നത് അവരാണെന്ന പ്രചാരണത്തില്‍ മാനസികമായി തകര്‍ന്ന പ്രവാസികളില്‍ ചിലര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. എന്നാല്‍, ഇപ്പോള്‍ സമ്പര്‍ക്കം മൂലവും മറ്റും രോഗികള്‍ പെരുകിയതിനാല്‍ പ്രവാസികള്‍ക്ക് നേരെയുള്ള ശത്രുതയ്ക്ക് അല്‍പം അയവുവന്നിട്ടുണ്ട്. കേരളത്തില്‍ ആത്മഹത്യാ പ്രവണത ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. വീട്ടിലെ അടച്ചിരിപ്പില്‍ സംഘര്‍ഷം പേറുന്ന രക്ഷിതാക്കള്‍ കുട്ടികളോട് കയര്‍ക്കുന്നത് അവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതായാണ് കണ്ടെത്തല്‍. രക്ഷിതാക്കള്‍ ഈ സന്ദര്‍ഭത്തില്‍ ആത്മസംയമനത്തോടെ വേണം കുട്ടികളോടും വീട്ടുകാരോടും പെരുമാറാന്‍. മുതിര്‍ന്നവരിലും കുട്ടികളിലും ഒരേപോലെ നിരാശയും വിഷാദവും ഉണ്ടാക്കുന്ന ഒരു കാലം കൂടിയാണിത്. രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം മാനസികസംഘര്‍ഷങ്ങളെയും പ്രതിരോധിക്കേണ്ട സന്ദര്‍ഭം കൂടിയാണ് ഈ കൊവിഡ് കാലം.
കൊവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തനവും ജാഗ്രത പാലിക്കലും സംസ്ഥാനത്തുടനീളം കര്‍ശനമായി തന്നെ തുടരുകയാണ്. എന്നിട്ടും രോഗബാധിതരുടെ എണ്ണം ദിവസംതോറും വര്‍ധിക്കുന്നു. ഈ അവസരത്തില്‍ ചികിത്സയും പരിശോധനയും ക്വാറന്റൈനും വ്യാപകമാക്കുന്നതോടൊപ്പം രോഗബാധിതര്‍ക്കും വീട്ടുകാര്‍ക്കും കൗണ്‍സിലിങ് നല്‍കാനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. രോഗികള്‍ക്ക് ആത്മവിശ്വാസവും പ്രത്യാശയും പകരണം. എങ്കില്‍ മാത്രമേ കൊവിഡ് കാലത്തെ ആത്മഹത്യകള്‍ക്ക് അവസാനമുണ്ടാകൂ. ഒപ്പം തന്നെ രോഗികളെ അവജ്ഞയോടെ കാണുന്ന പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."