അറിവിന്റെ മികവുത്സവം
വൈജ്ഞാനികബോധ്യങ്ങളും സാംസ്‌കാരികബോധവും തലമുറകളിലേക്കു കൈമാറ്റം ചെയ്യുകയാണ് മദ്‌റസകള്‍. കുരുന്നുമനസുകളില്‍ ജ്ഞാനമികവു പകരുന്ന ഈ ധാര്‍മിക പ്രഭവകേന്ദ്രങ്ങള്‍ പാകപ്പെടുത്തുന്നതു മാനുഷികമൂല്യങ്ങളുടെയും സ്വത്വബോധത്തിന്റെയും ചിട്ടയൊത്ത ജീവിതമാണ്. കാലം പ്രതീക്ഷിച്ച ചുവടുവയ്പ്പുകളാണ് മദ്‌റസകളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നതെല്ലാം. മാതൃകയുടെ മഹാഗോപുരങ്ങളായ ഈ ജ്ഞാനമലര്‍വാടികളുടെ ചന്തവും മികവും രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാക്കിയ നാടാണു കേരളം. വൈജ്ഞാനിക സമ്പന്നമായ കേരള മുസ്‌ലിംകളുടെ സംഭാവന. മികവിന്റെ അടയാളകേന്ദ്രങ്ങളെ സാമ്പ്രദായികരീതിയില്‍ ശാസ്ത്രീയമായ അടുക്കും ചിട്ടയും നല്‍കി പടുത്തുയര്‍ത്തിയ നവോഥാന മുന്നേറ്റത്തിലൂടെ മാതൃക സൃഷ്ടിച്ച മദ്‌റസാ പ്രസ്ഥാനം കാലത്തോടു സംവദിച്ചാണ് അതിന്റെ ജൈത്രയാത്ര തുടരുന്നത്.
വൈജ്ഞാനികവും സര്‍ഗാത്മകവുമായ ഊര്‍ജത്തെ പരിപോഷിപ്പിക്കുന്ന അക്കാദമിക് മികവുള്ള ഒരു മത്സര പരിപാടിക്ക് സമസ്ത കേരളാ ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള മദ്‌റസകളില്‍ വേദിയൊരുങ്ങാറുണ്ട്. 'ജ്ഞാനതീരം' എന്നാണു ഈ മികവിന്റെ മത്സരകളരിക്കു പേര്. പാഠ്യപദ്ധതി, മൂല്യനിര്‍ണയം, വിദ്യാഭ്യാസ നിലവാരം, ക്രിയാത്മക സംഘാടനം എന്നിവയിലൂടെ മാതൃകയായ സമസ്തയുടെ മദ്‌റസാ പ്രസ്ഥാനത്തിനു കീഴില്‍ 'ജ്ഞാനതീര'വും പുതിയ പ്രതീക്ഷയാവുകയാണ്. ലക്ഷം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും ഈ സ്‌കില്‍ ഡവലപ്‌മെന്റ് പരിപാടിയില്‍ പങ്കാളികളാവുന്നത്.
'ജ്ഞാനതീരം' ടാലന്റ് സെര്‍ച്ച്
പത്തുലക്ഷത്തിലേറെയാണ് സമസ്ത മദ്‌റസകളിലെ പഠിതാക്കള്‍. ഈ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് സമസ്ത കേരളാ സുന്നീ ബാലവേദി. പഠനവും പാഠ്യേതര മികവും കൂട്ടിയിണക്കിയ 'ജ്ഞാനതീരം' മത്സരത്തിന്റെ സംഘാടകര്‍ ബാലവേദിയാണ്. ആരംഭത്തില്‍ തന്നെ കുട്ടികളുടെ ഇഷ്ടമത്സരമായി മാറാന്‍ 'ജ്ഞാനതീര'ത്തിനു കഴിഞ്ഞു.
മദ്‌റസാതലത്തിലെ 'ജ്ഞാനതീരം'പരീക്ഷയാണു പ്രഥമഘട്ടം. പാഠപുസ്തകങ്ങളും പൊതുഅറിവുകളും അന്വേഷണവും ചേര്‍ത്താണു പരീക്ഷ. ആകര്‍ഷകമായ രീതിയും ബുദ്ധിയെ ഉണര്‍ത്തിയുമുള്ള ഒബ്ജക്ടിവ് മാതൃകയിലാണു ചോദ്യങ്ങള്‍. മദ്‌റസാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി റെയ്ഞ്ച്, മേഖല, ജില്ലാതലങ്ങളില്‍ മത്സരപരീക്ഷയും ഒപ്പം അഭിരുചി അളക്കാനുള്ള വിവിധ ടെസ്റ്റുകളും നടത്തുന്നു. നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് ലഭിച്ചവരാണു സംസ്ഥാനതലത്തിലുള്ള ടാലന്റ്‌ഷോയില്‍ മല്‍സരിക്കാനുള്ള യോഗ്യത നേടുന്നത്. ഓരോ വര്‍ഷവും നൂറോളം പേരാണു സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. ഇവരില്‍നിന്ന് ആദ്യ മുപ്പതു പ്രതിഭകളെ കണ്ടെത്തുന്നതാണു മത്സരരീതി. 2008ലാണ് 'ജ്ഞാനതീര'ത്തിനു തുടക്കം കുറിച്ചത്.
മികവുത്സവം
മദ്‌റസാവിദ്യാഭ്യാസത്തിന്റെ വിഭവശേഷിയെ സര്‍ഗാത്മകമായി വളര്‍ത്തിയെടുക്കുകയാണു 'ജ്ഞാനതീരം'. എല്ലാവര്‍ഷവും ഈ മത്സരം എസ്.കെ.എസ്.ബി.വിയുടെ കീഴില്‍ ശാസ്ത്രീയമായ സംഘാടനത്തിലൂടെ നടത്തിവരുന്നുണ്ട്. അക്കാദമിക് രംഗത്തും മനശാസ്ത്ര മേഖലയിലുമുള്ള പരിചയസമ്പന്നരാണ് 'ജ്ഞാനതീരം' ആവിഷ്‌കരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആണ് ഇതിനുവേണ്ട കര്‍മപദ്ധതികള്‍ തയാറാക്കുന്നത്. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മുപ്പതു പേര്‍ക്ക് സഞ്ചാരം, പഠനക്യാംപുകള്‍, മീറ്റ് ദ എക്‌സ്‌പേര്‍ട്ട് എന്നിവ സംഘടിപ്പിച്ചുവരുന്നു. അറിവും അനുഭവവും അടയാളപ്പെടുത്തുന്ന, വായനയും എഴുത്തും പാട്ടും വരയും ചിന്തയും കര്‍മശേഷിയുമെല്ലാം മേളിക്കുന്ന 'ജ്ഞാനതീരം' ഇന്ന് മദ്‌റസാ വിദ്യാര്‍ഥികളുടെ ജനകീയമായ ബൗദ്ധികമത്സരമായിത്തീര്‍ന്നിരിക്കുന്നു.
വേറിട്ട മത്സര രീതി
'ജ്ഞാനതീരം' ഗ്രാന്‍ഡ് ഫിനാലെക്കു വിദ്യാര്‍ഥിയുടെ വൈവിധ്യമായ സര്‍ഗശേഷിയാണു പരിശോധിക്കുന്നത്. എഴുത്തുപരീക്ഷയും അഭിമുഖങ്ങളും കണ്ടെത്തലുകളും ഇടപെടലുകളുമെല്ലാം ഉള്‍പ്പെടുന്ന വ്യത്യസ്ത മത്സരങ്ങള്‍ക്ക് സിവില്‍ സര്‍വിസ് പരീക്ഷാ ടച്ചുണ്ട്. വേറിട്ട വേദികളില്‍ വ്യത്യസ്ത സമയങ്ങളിലായി അവര്‍ മാറ്റുരക്കുന്നു. കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്‌റസയിലായിരുന്നു ഇത്തവണ സംസ്ഥാനതല മത്സരത്തിനു വേദിയൊരുങ്ങിയത്. മെയ് 12,13 തിയതികളില്‍ രണ്ടുദിവസങ്ങളിലായി ഒന്‍പതുഘട്ടങ്ങളിലായിരുന്നു മത്സരം. ഓറല്‍ എക്‌സ്‌പോ, വൈവ വോയ്‌സ്, കൊളോക്കിയം, ഗ്ലാസ്‌നോട്ട്, റോം, ലൈവ്, എന്‍ലൈറ്റന്‍, മിറാഷ് എന്നീ 'മുഖാബില'കളും എഴുത്തുപരീക്ഷ, നിരന്തര മൂല്യനിര്‍ണയം എന്നിവയുമാണു മത്സരയിനങ്ങള്‍. ഇരുപതോളം പേരുള്ള ക്രൂ ടീമാണു മത്സരങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നത്.
വ്യക്തിഗത മത്സരങ്ങളാണ് 'ജ്ഞാനതീര'ത്തിന്റേത്. പത്തുമുതല്‍ പതിമൂന്നുവരെ മത്സരാര്‍ഥികളെ ഒരോ ഗ്രൂപ്പുകളായി തിരിക്കുന്നു. ഓരോ മുഖാബിലക്കും ഓരോ സമയത്താണു മത്സരം. ഒരു ഗ്രൂപ്പിന്റേതു കഴിഞ്ഞാല്‍ അടുത്തത് എന്ന ക്രമത്തില്‍. ഓരോ ഗ്രൂപ്പിനും ഒരു മെന്ററുണ്ടായിരിക്കും. എസ്.കെ.എസ്.ബി.വിയുടെ ഭാരവാഹികള്‍ തന്നെയാണിവര്‍. ചുമതലയേറ്റ ഗ്രൂപ്പിനെ വേദിയിലെത്തിക്കുന്നതു മാത്രമല്ല രണ്ടു ദിവസത്തെ മുഴുസമയ ഇടപെടലുകള്‍ വീക്ഷിച്ച് മെന്റര്‍മാര്‍ കുട്ടിയുടെ പെര്‍ഫോമന്‍സ് ഗ്രേഡ് രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഉണരുന്നതു മുതല്‍ ഉറക്കം വരെയുള്ള ഒരാളുടെ നിത്യജീവിതമാണ് എന്‍ലൈറ്റന്‍ വേദിയില്‍ ക്രൂ അംഗങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതിനിടയില്‍ അനുഷ്ഠാനപരമായി ആവശ്യം വരുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍, ദിക്‌റുകള്‍ എന്നിവ കടന്നുവരുന്നു. ഇവ മനഃപാഠമായി അവതരിപ്പിക്കുകയാണു മത്സരാര്‍ഥി വേണ്ടത്. കൊളോക്കിയം സെഷനില്‍ നവകാലത്തെ വിദ്യാര്‍ത്ഥി സങ്കല്‍പങ്ങളും പുതിയഘട്ടത്തിലെ വിദ്യാര്‍ഥി സംഘടനകളുടെ ദൗത്യവും വിചാരപ്പെടുന്നുണ്ട് കുരുന്നുകള്‍. 'നാളെത്തെ ലീഡറും സംഘാടനവും' തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു. ഒരുകൂട്ടം ചിത്രങ്ങളാണ് 'ലൈവ് ' മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചത്. അവയില്‍നിന്നു മികച്ചൊരു വാര്‍ത്ത കണ്ടെത്തുക, ശേഷം ചാനല്‍ ന്യൂസ് തയാറാക്കുകയെന്നതാണ് ഇവിടെ മത്സരം. ഓര്‍മപരിശോധക്കുള്ള ആകര്‍ഷകമായ ഗെയിമുകളാണ് റോം, മിറാഷ്. നിശ്ചയിക്കപ്പെട്ട സമയത്തനുള്ളില്‍ ജൂറിയെ പോലും അമ്പരപ്പിച്ച് സ്‌കോര്‍ നേടുന്ന മിടുക്കന്മാരുണ്ട്. അവതരണശേഷി അളന്ന് ഓറല്‍എക്‌സ്‌പോ, സൈബര്‍, ലഹരി, കുടുംബ, സാമൂഹ്യ, വിദ്യാഭ്യാസ നവോഥാനം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ഗ്രൂപ് ഡിസ്‌കഷന്‍ ഒരുക്കി ഗ്ലാസ്‌നോട്ട്, വൈവാ വോയ്‌സ് എന്ന ഇന്റര്‍വ്യൂ പരിപാടി എന്നിങ്ങനെ നീണ്ടുപോകുന്നു മത്സരയിനങ്ങള്‍.
മികവിന് മാര്‍ക്ക്
ഓരോ കുട്ടിയുടേയും സ്‌കില്‍ തിരിച്ചറിഞ്ഞ് മാര്‍ക്ക് നല്‍കുകയാണു 'ജ്ഞാനതീരം' പിന്തുടരുന്ന രീതി. ഓരോ മുഖാബിലയിലേയും വിഷയങ്ങള്‍ക്ക് അനുസരിച്ച് ഗ്രേഡ് നിശ്ചയിച്ചിട്ടുണ്ട്. ക്രൂ മെമ്പറുടെ മുന്നിലെത്തി മത്സരം തീരും വരെ കുട്ടിയുടെ എല്ലാ ഇടപെടലുകള്‍ക്കും ഗ്രേഡുണ്ട്. ഇത് ഒന്നു മുതല്‍ നാലുവരെ മാര്‍ക്കായി നല്‍കും. കേള്‍വി, ഗ്രാഹ്യശേഷി, സംസാര വൈഭവം, ശരീര ഭാഷ, അവതരണ മികവ്, എനര്‍ജി തുടങ്ങി പൊതുഘടകങ്ങളും പ്ലാനിങ്, രചനാശേഷി, വിലയിരുത്തല്‍, ക്രിയേറ്റിവിറ്റി, സര്‍ഗസിദ്ധി, ബുദ്ധിവൈഭവം, ബിഹേവിങ് സ്‌കില്‍ തുടങ്ങി മത്സരസ്വഭാവത്തോടു ചേര്‍ന്നു വരുന്ന ഓരോ മിടുക്കുകളും പരിശോധിച്ചു മാര്‍ക്കിടുന്നു. ഒന്‍പതു മത്സര ഘട്ടങ്ങളിലും ഇങ്ങനെ ലഭിച്ച മാര്‍ക്ക് കണക്കുകൂട്ടി ആകെ സ്‌കോറായ 30ലേക്കു മാറ്റുന്നു. പിന്നീട് ഒന്നുമുതല്‍ മുപ്പതുവരെ റാങ്കുകാരെ കണ്ടെത്തുകയാണു രീതി. ഒരു വേദിയില്‍ തന്നെ കുട്ടി കയറിയിറങ്ങി പോവും വരെയുള്ള എല്ലാ ഇടപെടലുകള്‍ക്കും മാര്‍ക്കുണ്ടെന്നതാണു 'ജ്ഞാനതീര'ത്തിന്റെ വേറിട്ട രീതി.
ഊദിന്റെ മണമുള്ള ഉദിനൂരിന്റെ മനസ്
ഉദിനൂര്‍ ഖാദിമുല്‍ ഇസ്‌ലാം ജമാഅത്തിനു കീഴിലുള്ള മമ്പഉല്‍ ഉലൂം മദ്‌റസ ഒരു മാതൃകാവിദ്യാലയമാണ്. മനോഹരമായ കാംപസ്, ചിട്ടയൊത്ത ക്ലാസ് റൂമുകള്‍, ഗ്രീന്‍ബോര്‍ഡ്, ബെഞ്ചുകള്‍ക്കു പകരം ചെയറുകള്‍, എയര്‍കണ്ടീഷന്‍ ഹാളുകള്‍, ലൈബ്രറി, പൂന്തോട്ടം, ചുറ്റുമതില്‍. മദ്‌റസയുടെ തൊട്ടടുത്താണ് ജുമാമസ്ജിദ്. ദൃശ്യമനോഹരമായി ഒരുക്കിവച്ച ഇവിടെയായിരുന്നു ഇത്തവണ സംസ്ഥാനതല 'ജ്ഞാനതീരം'മത്സരത്തിനു വേദിയായത്.
മത്സരാര്‍ഥികള്‍, ക്രൂ അംഗങ്ങള്‍, സംഘാടകര്‍ എല്ലാം ചേര്‍ന്ന വലിയൊരു ടീമിനു രണ്ടു ദിവസം സ്‌നേഹം പൊതിഞ്ഞുവച്ചു സല്‍ക്കരിക്കുന്ന നാട്ടുകാര്‍. പത്തുമുതല്‍ പതിമൂന്ന് വരേ വയസുകാരാണ് ഇവിടെ മല്‍സരിക്കാനെത്തിയത്. അവരുടെ കൗതുകങ്ങളെയും അഭിരുചിയെയും തിരിച്ചറിഞ്ഞായിരുന്നു മത്സര ഷെഡ്യൂളു പോലെ സംഘാടനവും. രുചിക്കൂട്ടൊരുക്കി മലേഷ്യന്‍ ഭക്ഷണശാല, ജ്യൂസ് കോര്‍ണര്‍, ഉത്തര മലബാറിന്റെ വിശേഷ പലഹാരങ്ങളുടെ പ്രദര്‍ശനം, സ്‌നേഹ സമ്മാനങ്ങള്‍... ഒരുഭാഗത്തു പ്രതിഭകള്‍ മാറ്റുരച്ചപ്പോള്‍, കളങ്കമറ്റ ആതിഥേയത്വവുമായി ഊദിന്റെ മണമുള്ള നന്മ പരത്തി ഉദിനൂരിലെ നല്ല മനസുകളും മാറ്റുരച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."