തിരുവനന്തപുരത്ത് എ.ഐ.സി.സി നിരീക്ഷകനെ നിയോഗിച്ചു
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് യു.ഡി.എഫ് പ്രചാരണത്തിന് നിരീക്ഷകനായി എ.ഐ.സി.സി നാനാ പഠോലയെ നിയോഗിച്ചു. തിരുവനന്തപുരത്ത് എന്ത് വിലകൊടുത്തും ശശി തരൂരിന്റെ വിജയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഠോലയെ നിയോഗിച്ചിരിക്കുന്നത്.
ഏപ്രില്‍ 11ന് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന നാഗ്പൂര്‍ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ സ്ഥാനാര്‍ഥിയാണ് പഠോല. നേരത്തെ ബി.ജെ.പി എം.പിയായിരുന്നു. മോദിയോട് പിണങ്ങിയാണ് 2017ല്‍ പാര്‍ട്ടി വിട്ടത്. പിന്നീട്, 2018 ജനുവരിയിലാണ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. 2014ല്‍ കേന്ദ്രമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തുന്നത്.
തിരുവനന്തപുരത്ത് പ്രചാരണം സജീവമാക്കാന്‍ പാര്‍ട്ടി ഘടകം വേണ്ടത്ര സഹകരിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് എ.ഐ.സി.സി നിരീക്ഷകനെ നിയോഗിക്കുന്നത്. ബി.ജെ.പിയില്‍നിന്ന് വന്ന നേതാവായതിനാല്‍ ആ ക്യാംപിലെ തന്ത്രങ്ങളെന്താകാം എന്ന് മുന്‍കൂട്ടി കണക്കിലെടുത്ത് മറുതന്ത്രം മെനയാനാണ് പഠോലയെ തന്നെ എ.ഐ.സി.സി നിയോഗിച്ചിരിക്കുന്നത്.
മൂന്ന് മുന്നണികള്‍ക്കുമിടയില്‍ കടുത്ത പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് എന്ത് വില കൊടുത്തും ശശി തരൂരിനെ മൂന്നാംവട്ടവും ജയിപ്പിക്കണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."