ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ഇനി പുതിയ കെട്ടിടത്തില്‍
മനാമ: ബഹ്‌റൈനില്‍ പുതുതായി നിര്‍മ്മിച്ച ഇന്ത്യന്‍ എംബസി കെട്ടിടം രാജ്യത്തെ പ്രവാസികള്‍ക്ക് സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയും ചേര്‍ന്നാണ് കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു. സിന്ധു നദീതട സംസ്‌കാര കാലം മുതല്‍ ഇന്ത്യയുമായി ബഹ്‌റൈന് ബന്ധമുണ്ടെന്നും അത് സുദൃഢമായി ഇപ്പോഴും തുടരുകയാണെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കപ്പെട്ട എംബസി കെട്ടിടം ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സമൂഹത്തോടുള്ള ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ പ്രത്യേക താല്‍പര്യത്തെയും മന്ത്രി അഭിനന്ദിച്ചു.
ഇന്ത്യന്‍ സമൂഹത്തിന് ബഹ്‌റൈനെ രണ്ടാംവീടായി കണക്കാക്കാമെന്നും ബഹ്‌റൈന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും ചടങ്ങില്‍ സംസാരിച്ച ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ഖലീഫ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സാന്നിധ്യത്തിലാണ് ശൈഖ് ഖാലിദ് ഇന്ത്യന്‍ സമൂഹത്തെ അഭിനന്ദിച്ചത്. നീണ്ട കരഘോഷത്തോടെയാണ് സദസ്സ് അദ്ദേഹത്തിന്റെ വാക്കുകളെ ശ്രവിച്ചത്. സാമ്പത്തികവും വ്യാപാരവും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാനായി വലിയ സാധ്യതകളാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിയും ക്ഷേമവും ഉറപ്പാക്കാന്‍ പരസ്പര സഹകരണം വഴി സാധ്യമാവുമെന്നും ഇതിനായി അവസരങ്ങളെ പ്രയോജനപ്പെടുത്തണമെന്നും ശൈഖ് ഖാലിദ് പറഞ്ഞു.
ചടങ്ങില്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക്കുമാര്‍ സിന്‍ഹ എന്നിവരടക്കമുള്ള ബഹ്‌റൈനിലെ രാഷ്ട്രീയ സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
[gallery columns="1" size="full" ids="577293,577292,577291,577290,577289"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."