ഓഗസ്റ്റില്‍ പ്രളയഭീതി ജില്ലാ ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കു സമാനമായി ഈ വര്‍ഷവും ഓഗസ്റ്റില്‍ പ്രളയഭീതി സൃഷ്ടിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
ഇതുസംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. 2018ലും 2019ലും സമാനരീതിയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചാണ് സംസ്ഥാനത്ത് അതിവര്‍ഷവും തുടര്‍ന്ന് പ്രളയവുമുണ്ടായത്. ഓഗസ്റ്റ് നാലിനും ആറിനുമിടയില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുമെന്ന് വിലയിരുത്തലുണ്ടെങ്കിലും വരുംദിവസങ്ങളില്‍ മാത്രമേ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.
ഓഗസ്റ്റില്‍ ഒന്നിലധികം ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2019ല്‍ ഓഗസ്റ്റ് ആറിനും ഒന്‍പതിനുമിടയിലായിരുന്നു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത്. തുടര്‍ന്ന് എട്ടു ദിവസത്തോളം നീണ്ടുനിന്ന അതിതീവ്ര മഴ ലഭിച്ചു. 2018ല്‍ ഓഗസ്റ്റ് ഏഴിനും എട്ടിനുമിടിയിലും 15നും 17നുമിടയിലും രൂപപ്പെട്ട രണ്ടു ന്യൂനമര്‍ദങ്ങളെ തുടര്‍ന്നാണ് മഹാപ്രളയമുണ്ടായത്.
സ്വകാര്യ ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ വൈകും !
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളില്‍ പാകപ്പിഴകളുണ്ടെന്ന വിലയിരുത്തലില്‍ നാല് സ്വകാര്യ ഏജന്‍സികള്‍ക്ക് പണം നല്‍കി മുന്നറിയിപ്പുകള്‍ വാങ്ങാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും വിവരങ്ങള്‍ വന്നു തുടങ്ങിയില്ല.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റമുണ്ടായതാണ് ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ വൈകാന്‍ ഇടയാക്കിയത്. പുതുതായി ചുമതലയേല്‍ക്കേണ്ടവര്‍ എത്തിയതിനു ശേഷമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വകാര്യ ഏജന്‍സികളില്‍ നിന്നുള്ള വിവരശേഖരണം തുടങ്ങൂവെന്ന് അധികൃതര്‍ പറഞ്ഞു. പ്രളയ മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കുന്നതില്‍ വീഴ്ചയുണ്ടാകുന്നുവെന്ന വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ മറികടന്ന് മുന്നറിയിപ്പുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി സ്‌കൈമെറ്റ്, എര്‍ത്ത് നെറ്റ്‌വര്‍ക്, ഐ.ബി.എം വെതര്‍ എന്നീ സ്വകാര്യ ഏജന്‍സികള്‍ക്കായി ഒരു വര്‍ഷത്തേക്ക് 95.64 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."