രാമക്ഷേത്രത്തെച്ചൊല്ലി ബിഹാറില്‍ ബി.ജെ.പി- ജെ.ഡി.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
ഹാജിപൂര്‍: പൊതുസമ്മേളനത്തില്‍ രാമക്ഷേത്രം ഉയര്ത്തിക്കാണിച്ചതുമായി ബന്ധപ്പെട്ട് ബിഹാറില്‍ എന്‍.ഡി.എ ഘടകകക്ഷികളായ ബി.ജെ.പി - ജെ.ഡി.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഹാജിപൂരിലാണ് ഇരുപാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.
സംയുക്ത പ്രചാരണത്തില്‍ രാമക്ഷേത്രം മുഖ്യവിഷയമല്ലെന്ന് തെരഞ്ഞെടുപ്പ് യോഗത്തില്‍ ജെ.ഡി.യു നേതാവ് സഞ്ജയ് വര്‍മ പ്രസംഗിച്ച് കഴിഞ്ഞതിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബഹളം വയ്ക്കുകയും ജെ.ഡി.യുവിനെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പ്രശ്നത്തിന് തുടക്കമായത്.
ഹാജിപൂരില്‍ ലോക്ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാംവിലാസ് പസ്വാന്റെ സഹോദരന് പശുപതി കുമാര്‍ പരാസിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് അക്രമം ഉണ്ടായത്. സഞ്ജയ് വര്‍മയുടെ പ്രസംഗത്തില്‍ പ്രകോപിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍ കസേരയെടുത്ത് എറിയുകയും സ്റ്റേജില്‍ കയറി ബഹളം വയ്ക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനായി ജെ.ഡി.യു അംഗങ്ങളും രംഗത്തെത്തിയതോടെയാണ് ഏറ്റുമുട്ടലും തുടങ്ങിയത്.
സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
രാമക്ഷേത്രത്തെച്ചൊല്ലി തെരഞ്ഞെടുപ്പിന് മുന്‍പും ബി.ജെ.പിയും ജെ.ഡി.യുവും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇന്നലെയും ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."