അപകട ഭീതിയുയര്‍ത്തി കരിമ്പം പാലം
തളിപ്പറമ്പ്: 35 വര്‍ഷം പഴക്കമുള്ള കരിമ്പം പാലം അപകട ഭീഷണിയില്‍. ജില്ലാ കൃഷിത്തോട്ടത്തിനു സമീപം കരിമ്പം പുഴ ക്കു കുറുകെ നിര്‍മിച്ച പാലത്തിന്റെ സ്പാനുകളുടെ സംരക്ഷണ ഭിത്തി തകര്‍ന്നുവെന്ന അഭ്യൂഹമാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയത്. പാലത്തിനു സമീപത്തായി വാട്ടര്‍ അതോറിറ്റിയുടെ തടയണയുള്ളതിനാല്‍ പതിനഞ്ചടിയോളം വെള്ളം കെട്ടിനിര്‍ത്താറുണ്ട്. കടുത്ത വേനലില്‍ വെള്ളം വറ്റിയതോടെ തോട്ടില്‍ മീന്‍ പിടിക്കാനെത്തിയവരാണ് സംരക്ഷണ ഭിത്തി തകര്‍ന്നതു കണ്ടത്. വിവരം പൊതുമരാമത്ത് വകുപ്പ് പാലം അധികൃതരെ അറിയിച്ചിട്ടുണ്ട്.
പൂര്‍ണമായി വെള്ളം വറ്റാത്തതിനാല്‍ തകര്‍ന്നുവെന്ന് പറയുന്ന ഭാഗം പുറത്തുകാണാന്‍ സാധിക്കുന്നില്ല. വെള്ളത്തില്‍ മുങ്ങി തുരങ്കത്തിനകത്ത് കയറിയാല്‍ നിവര്‍ന്നു നില്‍ക്കാവുന്ന സ്ഥലമുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
പാലത്തിനു രണ്ടു സ്പാനുകളാണുള്ളത്. രണ്ടിന്റെയും സംരക്ഷണ ഭിത്തി തകര്‍ന്ന് തുരങ്കം രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. സ്പാനുകളോട് ചേര്‍ന്ന് തോടിന്റെ ഇരുഭാഗത്തുമുള്ള സംരക്ഷണ ഭിത്തികളും തകര്‍ന്ന നിലയിലാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായിരുന്ന മരപ്പാലം അപകടാവസ്ഥയിലായി വാഹനങ്ങള്‍ ഇരുവശത്തും ഭാരമിറക്കി പോകേണ്ട അവസ്ഥ വന്നതോടെ നിര്‍മിച്ച പുതിയ കോണ്‍ക്രീറ്റ് പാലം 1984ലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. സമീപകാലത്ത് നടത്തിയ ബാഹ്യപരിശോധനയില്‍ ജീര്‍ണതകള്‍ ഒന്നും കണ്ടത്തിയിരുന്നില്ല. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന്റെ ഗുഡ് ബുക്കിലാണ് കരിമ്പം പാലവുള്ളത്.
ആയിരക്കണക്കിന് ചരക്കു വാഹനങ്ങളും യാത്രാവാഹനങ്ങളുമാണ് ദിനേന ഇതുവഴികടന്നു പോകുന്നത്. പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി ഇടപെട്ട് വിദഗ്ധ പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും തകര്‍ന്നുവെന്ന് കണ്ടെത്തുകയാണെങ്കില്‍ ബലപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."