ടെക്നോ പാര്‍ക്കിന്റെ മൂന്നാംഘട്ട വികസനം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെ ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി. കുളങ്ങളും ജലാശയങ്ങളും മണ്ണിട്ടു നികത്തി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തതോടെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായത്.
അമേരിക്കന്‍ കമ്പനിയായ ടോറസിനെ സഹായിക്കുന്നതിനായി തണ്ണീര്‍ത്തടം വന്‍തോതില്‍ നികത്തുന്നതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ കുളം, ജലാശയം എന്നിവ നികത്തുന്നതിനെ എതിര്‍ത്ത് ആറ്റിപ്ര വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പക്ഷേ 2018 ഫെബ്രുവരിയില്‍ പ്രദേശം നികത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. 34 സെന്റ് നികത്താനുള്ള ഉത്തരവ് ഉപയോഗിച്ച് 21 ഏക്കര്‍ നികത്തി. പൊതുആവശ്യത്തിന് ഭൂമിയില്‍ മാറ്റം വരുത്താമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെതിരേയാണ് പരിസ്ഥിതി പ്രവര്‍ത്തകനായ തോമസ് ലോറന്‍സ് സുപ്രിം കോടതിയെ സമീപിച്ചതും പദ്ധതി നിര്‍ത്തിവയ്ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതും.
ഇതിനിടെ കരാര്‍ ഏറ്റെടുത്ത ടോറസ് കമ്പനി പദ്ധതിയില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തെയും പങ്കാളികളാക്കി. ടോറസിന് നൂറ് ശതമാനം പങ്കാളിത്തമുള്ള സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത് എങ്കില്‍ ടോറസിന്റെ മൂന്ന് അനുബന്ധ കമ്പനികള്‍കൂടി ടെക്നോപാര്‍ക്കുമായി പാട്ടക്കരാര്‍ ഒപ്പിടുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ നല്കിയ ഭൂമിക്ക് പുതിയൊരു അവകാശികൂടിയായി. ബംഗളൂരു ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ്പാണ് ഇത്തരത്തില്‍ രംഗപ്രവേശം ചെയ്തത്. റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ഭൂമി ലഭിക്കുന്നതിനുള്ള ഇടനിലക്കാരായി ടോറസ് കമ്പനി പ്രവര്ത്തിച്ചോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."