വിട പറഞ്ഞത് കണ്ണൂരിന്റെ സ്വന്തം മണി
കണ്ണൂര്‍: കേരള ഫുട്‌ബോളിന്റെ മുന്നേറ്റ നിരയിലെ പടക്കുതിരയായിരുന്നു ഇന്നലെ വിടപറഞ്ഞ ടി.കെ.എസ് സുബ്രഹ്മണ്യനെന്ന ക്യാപ്റ്റന്‍ മണി. താളിക്കാവ് സ്വദേശിയായ ടി.കെ.എസിനെ സഹകളിക്കാരാണ് മണിയെന്ന പേര് വിളിച്ചു തുടങ്ങിയത്. കണ്ണൂരിന്റെ മൈതാനങ്ങളില്‍ നിന്നു കാല്‍പന്തിന്റെ അമരത്തേക്ക് കുതിച്ചെത്തിയ മറ്റൊരു പ്രതിഭ. ക്യാപ്റ്റനായ മണിയുടെ മിന്നുന്ന ഹാട്രിക്കിലൂടെയാണ് 1973ലെ സന്തോഷ് ട്രോഫിയില്‍ കേരളം ആദ്യമായി കിരീടം ചൂടിയത്. ഈ നേട്ടത്തോടെ ഹാട്രിക് മണിയെന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. 1969ല്‍ ഫാക്റ്റ് ടീമില്‍ കളി തുടങ്ങിയതോടെ ഫാക്ട് മണിയായിരുന്നു. പന്തുമായി വേഗത്തിലുള്ള ഇദ്ദേഹത്തിന്റെ മുന്നേറ്റത്തിലാണ് ഫാക്ട് ടീം പല പ്രധാന കിരീട നേട്ടങ്ങളും സ്വന്തമാക്കിയത്. പ്രതിരോധ നിരയുടെ പൂട്ട് പൊളിച്ച് ഗോള്‍ നേടാന്‍ പ്രത്യേക വൈദഗ്ദ്യമുണ്ടായിരുന്നു മണിയുടെ ചുവടുകള്‍ക്ക്. ശരവേഗതയില്‍ എതിര്‍ ടീമിന്റെ ഗോള്‍ മുഖത്തേക്ക് പാഞ്ഞടുക്കുന്ന മണി ഫാക്ട് ടീമില്‍ കളിച്ചു തുടങ്ങിയതോടെ കണ്ണൂരില്‍ നിന്നു താമസം മാറുകയായിരുന്നു. പിന്നീട് ഏലൂരില്‍ സ്ഥിരതാമസമാക്കി. 1970കളിലും 80കളിലും ഫുട്‌ബോളിന്റെ ആവേശമായിരുന്ന മണി വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ഇടപ്പള്ളിയില്‍ മകന്റെ വീട്ടിലായിരുന്നു താമസം. ഒരുകാലത്ത് എതിര്‍ടീമിന്റെ പേടിസ്വപ്‌നമായിരുന്ന ക്യാപ്റ്റന്‍ മണി വിട പറയുമ്പോള്‍ കാല്‍പന്ത് കളിയുടെ മറ്റൊരു ചരിത്രം കൂടിയാണ് അസ്തമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."