റോഡിലെ കുഴി: 2017ല്‍ മരിച്ചത് 3597 പേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണങ്ങളെക്കാള്‍ ആളുകള്‍ക്കു ജീവഹാനി ഉണ്ടാവുന്നത് റോഡുകളിലെ കുഴികള്‍ കാരണം. 3597 പേരാണ് കഴിഞ്ഞവര്‍ഷം റോഡിലെ കുഴികള്‍ കാരണം നിരത്തില്‍ പിടഞ്ഞുമരിച്ചത്. റോഡുകളിലെ കുഴിയടക്കാത്തതുകാരണം ദിനംപ്രതി 10 പേരാണ് മരിച്ചുവീഴുന്നത്. 2016 നെ അപേക്ഷിച്ച് ഇത്തരത്തിലുള്ള മരണനിരക്കില്‍ 50 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 2016ല്‍ 2324 പേരാണ് മരിച്ചത്. കേരളത്തില്‍ 2016ല്‍ 54 മരണങ്ങളാണ് റിപ്പോര്‍ട്ട്‌ചെയ്തത്. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ കണക്ക് ലഭ്യമല്ല. അതേസമയം, സര്‍ക്കാര്‍ ഏറ്റവുമധികം ഭീഷണിയായി കാണുന്ന ഭീകരാക്രമണങ്ങള്‍ മൂലം ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മരിച്ചത് 803 പേരാണ്.
റോഡിലെ കുഴികള്‍ കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഉത്തര്‍പ്രദേശിലാണ്, 987 പേര്‍. മഹാരാഷ്ട്ര (726), ഹരിയാന (522), പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്ത് (228) എന്നിവയാണ് തൊട്ടുപിന്നിലുള്ളവ. മഹാരാഷ്ട്രയില്‍ 2016 ല്‍ 329 പേരാണ് മരിച്ചതെങ്കില്‍ കഴിഞ്ഞവര്‍ഷം അത് ഇരട്ടിയിലേറെ ഉയര്‍ന്ന് 726 ആവുകയായിരുന്നു. 2016 ലും യു.പിയില്‍ തന്നെയാണ് കൂടുതല്‍ പേര്‍ മരിച്ചത്, 714 പേര്‍. ആ വര്‍ഷം ഒഡീഷയില്‍ 208ഉം ആന്ധ്രപ്രദേശില്‍ 131 പേരും മരിച്ചു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 2016ല്‍ ഒരാള്‍ പോലും റോഡിലെ കുഴികള്‍ കാരണം അപകടത്തില്‍പ്പെട്ട് മരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം എട്ടുപേരാണ് ഡല്‍ഹിയില്‍ ഇത്തരത്തില്‍ മരിച്ചത്.
അതേസമയം, 2013- 16 കാലത്തെ നാലുവര്‍ഷത്തിനിടെ ഇത്തരത്തില്‍ 11,386 പേരാണ് രാജ്യത്ത് ആകെ മരിച്ചത്. ഇതില്‍ 30 ശതമാനവും ഉത്തര്‍പ്രദേശിലാണ്, 3428 മരണം. മഹാരാഷ്ട്ര (1410), മധ്യപ്രദേശ് (1244), പശ്ചമബംഗാള്‍ 783), ബിഹാര്‍ (659), ഗുജറാത്ത് (597), ആന്ധ്രപ്രദേശ് (497), തമിഴ്‌നാട് (481), രാജസ്ഥാന്‍ 440), പഞ്ചാബ് (367) എന്നിങ്ങനെയാണ് പിന്നീട് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്ത സംസ്ഥാനങ്ങള്‍.
ഗതാഗത സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളും തദ്ദേശ ഭരണ, പൊതുമരാമത്ത് വിഭാഗങ്ങളിലെ അഴിമതിയുമാണ് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കാത്തതും ഇരുചക്ര വാഹനയാത്രക്കാര്‍ ഹെല്‍മറ്റ് ഉപയോഗിക്കാത്തതുമടക്കമുള്ള കാരണവും അപകട മരണനിരക്ക് ഉയരാന്‍ കാരണമാണ്. നിലവില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പ്രകാരം റോഡുകളുടെ രൂപകല്‍പനയിലെ പാളിച്ചയും ഗുണനിലവാരമില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് അഞ്ചുലക്ഷം രൂപ വരെ പിഴയീടാക്കാന്‍ വ്യവസ്ഥയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."